ഇസ്ലാമാബാദ്: അഞ്ച് അംഗ രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍ ഇസ്ലാമാബാദില് ചേരാനിരുന്ന സാര്‍ക് സമ്മേളനം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാന് അറിയിച്ചു. ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സമ്മേളനം മാറ്റി വെക്കേണ്ടി വന്നത്.
സാര്‍ക്ക് ഉച്ചകോടി സമ്മേളനത്തിന് നിലവിലെ അന്തരീക്ഷം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും പിന്മാറിയിരുന്നു. അതിന് പിന്നാലെയുള്ള ശ്രീലങ്കയുടെയും പിന്മാറ്റ തീരുമാനം പാകിസ്ഥാനെ ഏറെ സമ്മര്ദ്ദത്തിലാഴ്ത്തുകയായിരുന്നു.
19മത് സാര്‍ക്ക് ഉച്ചകോടി സമ്മേളനത്തിന് ഇസ്ലാമബാദിലെ നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നും സാര്‍ക്ക് അംഗ രാഷ്ട്രങ്ങളുടെ തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണമെന്ന സാര്‍ക്ക് ഉടമ്പടി എല്ലാ തലങ്ങളിലും പാലിക്കപ്പെടണമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തരത്തിലുമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ അപലപിക്കുന്നവെന്നും ഭീകരവാദത്തെ തടുക്കേണ്ടത് അനിവാര്യമാണെന്നും പാകിസ്ഥാനെ പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കാതെ ശ്രീലങ്ക വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച പാക് വിരുദ്ധ നയങ്ങളുടെ പിന്തുടര്ച്ചയായാണ് ചൊവാഴ്ച സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കിയത്. സാര്‍ക്ക് അംഗ രാഷ്ട്രമായ ഒരു രാജ്യം മേഖലയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കടന്ന് കയറുന്നതും കാരണം നവംബറില്‍ നടക്കാനിരിക്കുന്ന 19മത് സാര്‍ക്ക് ഉച്ചകോടി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനെ നേരിട്ട് പരാമര്‍ശിക്കാതെ പ്രസ്താവനയിലൂടെ സാര്‍ക്ക് അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിക്കുകയായിരുന്നു.
ഇന്ത്യയ്ക്കൊപ്പം സംയുക്തമായി സാര്‍ക്ക് ഉച്ചകോടി തങ്ങള്‍ ബഹിഷ്കരിക്കുമെന്ന് നേരത്തെ അഫ്ഗാനിസ്ഥാന് വ്യക്താക്കിയിരുന്നു. നവംബര്‍ 9, 10 തീയതികളിലായാണ് സാര്‍ക്ക് ഉച്ചകോടി സമ്മേളനം ഇസ്ലാമാബാദില് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post