ഡല്‍ഹി: കൊച്ചു മകന് പാകിസ്ഥാന് സൈന്യത്തിന്റെ പിടിയിലായെന്ന വാര്‍ത്ത കേട്ടതിന്റെ ആഘാതത്തില്‍ മുത്തശ്ശി മരിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു പിന്നാലെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക് പട്ടാളത്തിന്റെ പിടിയിലായ ചന്ദു ബാബുലാല്‍ ചൗഹാന്റെ മുത്തശ്ശിയാണ് മരിച്ചത്. പാക് അധീന കശ്മീരിലെ ഭീകരരുടെ സങ്കേതത്തിന് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് ചന്ദു ബാബുലാല്‍ പാക് പിടിയിലായത്.
സര്‍ജിക്കല്‍ സ്ട്രൈക്കിനായി അതിര്‍ത്തി കടന്ന് എത്തിയപ്പോഴാണ് സൈനികനെ പിടിച്ചതെന്ന പാകിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. നിയന്ത്രണരേഖയിലെ പതിവ് പരിശോധനക്കിടയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണ് സൈനികന് എന്നാണ് സൈന്യം നല്കുന്ന വിശദീകരണം.
മുത്തശ്ശിയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സൈനികന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ചന്ദു ബാബുലാനിനെ സുരക്ഷിതനായി തിരിച്ചെത്തിക്കുമെന്നും കുടുംബത്തിന് മന്ത്രി ഉറപ്പ് നല്കി. നേരത്തെ സൈനികന്റെ മോചനത്തിന് പാകിസ്ഥാനുമായി ബന്ധപ്പെടുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
പാകിസ്ഥാന്റെ അതിര്‍ത്തി മറികടന്ന് ഭീകരരുടെ താവളത്തില്‍ മിന്നലാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ചന്തു ബാബുലാല്‍ ചൗഹാന് എന്ന സൈനികനെ പാക് സൈന്യം പിടികൂടിയതായി വാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് സൈന്യവും കേന്ദ്രവും സ്ഥിരീകരിക്കുകയായിരുന്നു. സൈനികന്റെ മോചനത്തെക്കുറിച്ച് റോ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി.
Discussion about this post