കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്. കഴിഞ്ഞ ആഴ്ച മാധ്യമഅഭിഭാഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ നിലനില്‍ക്കുന്നതായും ചീഫ് ജസ്റ്റിസ് ശാന്തന ഗൗഡര്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആരും തടയില്ല. ഹൈക്കോടതിയില്‍ കയറി മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണ നിലനില്ക്കുന്നു. പ്രശ്നം പൂര്‍ണമായും പരിഹരിക്കുന്നതിന് ചര്‍ച്ച തുടരുമെന്നും ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് വ്യക്തമാക്കി. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് നീക്കുന്നതിന് മാധ്യമ-അഭിഭാഷക പ്രതിനിധികളുമായി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയിലെത്തി റിപ്പോര്‍ട്ട് ചെയ്യാം എന്നതായിരുന്നു ചര്‍ച്ചയിലുണ്ടാക്കിയ ധാരണ.
എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷവും കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ തടയുകയും ബലമായി പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് അഡ്വക്കേറ്റ് ജനറലും ചീഫ് ജസ്റ്റിസുമായി ഇന്ന് കൂടിക്കാഴ്ച നടന്നത്.
Discussion about this post