തൃശ്ശൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചാത്തിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ 310 പന്നികളെ കള്ളിംഗിന് വിധേയമാക്കും.
പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള പന്നികളെയാണ് കള്ളിംഗിന് വിധേയമാക്കുന്നത്. ജില്ലാകളക്ടറുടേത് ആണ് ഉത്തരവ്.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഫാമിന് ചുറ്റുവട്ടത്തെ 10 കിലോ മീറ്റർ പ്രദേശം രോഗനിരീക്ഷണ മേഖലയാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടുത്തെ ഫാമിൽ നിന്നും മറ്റ് ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കും.
ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിക്കടത്ത് തടയാനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്. ഇതിനായി ചെക്‌പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.
Discussion about this post