തിരുവനന്തപുരം:യുവമോര്‍ച്ചാ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. കണ്ണമൂല സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിനെ ഗൂണ്ടാസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വിഷ്ണുവിന്റെ അമ്മ ബിന്ദു, ബന്ധു ലൈല എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച്, തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ ആടരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാകും ഹര്‍ത്താല്‍. തിരുവനന്തപുരം നഗരപരിധിയിലായിരിക്കും ബിജെപി ഹര്ത്താലാചരിക്കുകയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് അറിയിച്ചു. സംഭവം ഗൂണ്ടാ ആക്രമണമാണെന്ന പോലീസിന്റെ വാദം ബിജെപി തള്ളിക്കളഞ്ഞു. വിഷ്ണുവിന്റെ പേരില്‍ ഒരു പെറ്റിക്കേസുപോലുമില്ലെന്നും ബിജെപി അറിയിച്ചു. കൊലയ്ക്ക് പിന്നില്‍ സിഐടിയു-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. എസ് സുരേഷ് ആരോപിച്ചു.
കൊപ്രസുരേഷ് എന്ന ഗൂണ്ടാ സംഘത്തെ തേടിയെത്തിയവാരാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും തലസ്ഥാനത്ത് ഗൂണ്ടാ ആക്രമണം സജീവമായിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികവിലയിരുത്തല്‍. നഗരത്തില്‍ വീണ്ടും ആക്രമണമുണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്.
Discussion about this post