മലപ്പുറം: ശൈശവവിവാഹം സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ബാലവിവാഹങ്ങള്‍ നടത്തുന്നതും, കാര്‍മ്മികത്വം വഹിക്കുന്നതുമുള്പ്പെടെ പങ്കെടുക്കുന്നതു പോലും ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി. പിടിക്കപ്പെട്ടാല്‍ രണ്ടു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്.
നേരത്തേ, ശൈശവവിവാഹങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളുടെ സംരക്ഷണച്ചുമതല ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫീസര്‍ക്കായിരുന്നു. എന്നാലിനി മുതല്‍ അത് ശിശുക്ഷേമസമിതിക്കായിരിക്കും. പതിനെട്ടു വയസ്സിനു മുന്‍പേ വിവാഹത്തിനു നിര്‍ബന്ധിക്കപ്പെട്ടാല്‍, പെണ്‍കുട്ടിക്കു രക്ഷിതാക്കളില്‍ നിന്നു സംരക്ഷണം ലഭിക്കുന്നില്ലായെങ്കില്‍ അവരെ ചില്‍ഡ്രണ്‍സ് ഹോം അടക്കമുള്ള സംരക്ഷണകേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
കഴിഞ്ഞ മാസം 21നാണ് കേന്ദ്രസര്‍ക്കാര്‍ ബാലനീതി നിയമം ഭേദഗതി ചെയ്തത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷന്മാര്ക്കു ലഭിച്ചു. ഇതിനോടനുബന്ധിച്ച് ശിശുക്ഷേമസമിതി (സി.ഡബ്ല്യു.സി) അദ്ധ്യക്ഷന്മാര്ക്ക് രണ്ടു ദിവസം നീണ്ടു നിന്ന പരിശീലനം ബംഗലുരുവിലെ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഓഫീസില്‍ വച്ചു നല്കി. നേരത്തേ ശൈശവവിവാഹത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണത്തിന് ശിശുക്ഷേമസമിതിയ്ക്കു ചുമതലയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ, മറ്റുള്ള കേസുകളില്‍ കുട്ടികള്‍ക്കു നല്കുന്ന അതേ പരിഗണനയും സംരക്ഷണവും ശൈശവവിവാഹത്തിനിരയാകുന്ന കുട്ടികള്‍ക്കും ശിശുക്ഷേമസമിതി നല്‍കും.
പുതിയ നിയമം നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശൈശവവിവാഹകേസ് മലപ്പുറത്തു നിന്നുമാണ്. മുത്തേടം പഞ്ചായത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 12 പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞ ദിവസം കോടതിയിടപെട്ടു തടഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശൈശവവിവാഹം കൂടുതലായി നടത്തപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post