തൊഴിൽ ജീവിതവും വ്യക്തി ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തത് പലരുടെയും പ്രശ്‌നമാണ്. ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രമായി പ്രധാന്യം നൽകുക അസാദ്ധ്യമാണ്. പലപ്പോഴും ജീവിതത്തിൽ ഒരു ബാലൻസിംഗ് ഇല്ലാത്തത് വലിയ മനോവിഷമമാണ് പലരിലും ഉണ്ടാക്കുന്നത്. എന്നാൽ 8+8+8 റൂൾ ശീലമാക്കിയാൽ ജീവിതം സുഖകരമാക്കാം.
സമയത്തെ കൃത്യമായി വിനിയോഗിക്കാൻ നമ്മെ സഹായിക്കുന്ന നിയമം ആണ് ഇത്. ഒരു ദിവസത്തെ മൂന്നായി വിഭജിച്ച് കൊണ്ടാണ് ഈ നിയമം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഓരോ എട്ട് മണിക്കൂറിലും എന്തെല്ലാം ചെയ്യണം എന്നും ഈ റൂൾ വ്യക്തമാക്കുന്നുണ്ട്.
8+8+8 തിയറിയിൽ ആദ്യത്തെ 8 സൂചിപ്പിക്കുന്നത് നമ്മുടെ ജോലിയെ ആണ്. അല്ലെങ്കിൽ നമ്മുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ. ജോലി, പഠനം, അല്ലെങ്കിൽ മറ്റ് ഉത്തരവാദിത്വങ്ങൾ എന്നിവ ഈ എട്ട് മണിക്കൂറിൽ പൂർത്തിയാക്കണം.
രണ്ടാമത്തെ 8 സൂചിപ്പിക്കുന്നത് നമ്മുടെ വിശ്രമ വേളയെ ആണ്. അതായത് ഉറക്കത്തെ. ഒരു ദിവസം എട്ട് മണിക്കൂർ നിർബന്ധമായും ഉറങ്ങിയിരിക്കണം. ഉറക്കമാണ് ഊർജ്ജം പ്രധാനം ചെയ്യുന്നത്. ഊർജ്ജസ്വലതയോടെ പ്രവർത്തിക്കണമെങ്കിൽ ഉറക്കം വേണമെന്ന് അർത്ഥം. ഉറക്കത്തിനായുള്ള എട്ട് മണിക്കൂർ നേരം മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക.
ബാക്കിയുള്ള എട്ട് മണിക്കൂർ നമ്മുടെ ഒഴിവ് നേരം ആണ്. ഈ സമയം കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ചിലവഴിക്കാം. സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാം. യാത്ര ചെയ്യാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഈ നേരം ചിലവിടാം.
സമയത്തെ കൃത്യമായി വിനിയോഗിക്കാൻ പലർക്കും അഴിയില്ല. 8+8+8 റൂൾ ആളുകളെ ഇതിന് സഹായിക്കുന്നു. ഈ രീതി ശീലമാക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുന്നു. നമ്മുടെ കാര്യക്ഷമത വർദ്ധിക്കുന്നു. ബന്ധങ്ങളുടെ ആഴം വർദ്ധിപ്പിക്കുന്നു.
Discussion about this post