ഇന്ന് വിജയദശമി. അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിച്ചു. വിജയദശമിയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ചടങ്ങുകളോടെ എഴുത്തിനിരുത്തല്‍ നടന്നു.
അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളില്‍ നിറയുന്ന ദിനമാണ് വിജയദശമി. അവിദ്യയാകുന്ന തമസിനെ നീക്കി വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തിന്റെ ആസുരീഭാവത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും ദുരിതത്തില്‍ നിന്നും ത്രാണനം ചെയ്യുന്ന ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനം കൂടിയാണ് വിജയദശമി.
ഒന്‍പത് ദിവസത്തെ പൂജകള്‍ക്കു ശേഷമാണ് ദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന വിജയദശമി നാള് ആചരിക്കുന്നത്. തിന്മയ്ക്കുമേല് നന്മ നേടിയ വിജയം എന്നതിനപ്പുറം മലയാളികള്‍ക്കിത് ആരാധനയുടേയും പൂജയുടേയും ദിവസമാണ്. ആ ദിവസത്തിന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കി കേരളത്തിലെ മിക്ക കലാ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുള്ള സരസ്വതി മണ്ഡപങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു. വിദ്യാഗ്രന്ഥങ്ങള് നവമിയുടേയും അഷ്ടമിയുടേയും പൂജകള്‍ക്കും അനുഗ്രഹത്തിനും ശേഷം വീണ്ടെടുക്കുന്ന ചടങ്ങും വിജയദശമി നാളിലാണ് നടക്കുന്നത്. കലാക്ഷേത്രങ്ങളിലും പുതിയ കലാപാഠങ്ങള്ക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ നടക്കുന്നതും ഇന്നാണ്. തൊഴിലിടങ്ങളും ആയുധങ്ങളും വാഹനങ്ങളും പൂജാ പുണ്യം നേടുന്നതും വിജയദശമി ദിനത്തിലാണ്.
Discussion about this post