ഡല്‍ഹി: ദസറ ആഘോഷത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചത് വിവാദമായി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിനെ കുറിക്കുന്ന ദസറ ദിനത്തില്‍ രാവണന്റെ കോലത്തിന് പകരം മോദിയുടെ കോലം കത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യുവാണ് കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. മോദിയുടെ കോലത്തോടൊപ്പം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, ഗാന്ധി വധത്തിലെ പ്രതി നാഥുറാം വിനായക് ഗോഡ്സെ, മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രാഗ്യ, യോഗ ഗുരു ബാബ രാംദേവ് എന്നിവരുടെ കോലവും കത്തിച്ചിരുന്നു. ജെ.എന്‍.യുവിലെ പ്രശസ്തമായ സരസ്വതി ദാബയിലാണ് കോലം കത്തിച്ചത്.
കേന്ദ്ര സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമായാണ് ഇത്തരത്തില്‍ കോലം കത്തിച്ചതെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ല. പരിപാടിക്ക് സര്‍വകലാശാല അധികൃതര്‍ അനുമതി നല്കിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുകയാണ്.
Discussion about this post