ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം അടുത്തയാഴ്ച തുടങ്ങും. 10 മുതല്‍ 14 വരെ തീയതികളിലായി പ്രധാനമന്ത്രി സെയ്‌ഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു.എന്നാല്‍ മാലദ്വീപ് സന്ദര്‍ശനവും പരിഗണനയിലുണ്ടായിരുന്നെങ്കിലും അതേപ്പറ്റി പരാമര്‍ശമില്ല.
11 ന് സെയ്‌ഷെല്‍സില്‍ എത്തുന്ന പ്രധാനമന്ത്രി സെയ്‌ഷെല്‍സ് പ്രസിഡന്റ് ജെയിംസ് അലക്‌സിസ് മൈക്കലുമായി ചര്‍ച്ച നടത്തും. സമുദ്രമേഖലയുമായി ബന്ധപ്പെട്ട സഖ്യവും വികസന സഹകരണവും ശക്തമാക്കാനാകും ചര്‍ച്ചയില്‍ ഊന്നല്‍. 11, 12 തീയതികളില്‍ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. മൗറീഷ്യസ് ദേശീയദിനാഘോഷത്തിലെ മുഖ്യാതിഥിയും നരേന്ദ്ര മോദിയാണ്. 13, 14 തിയതികളില്‍ പ്രധാനമന്ത്രി മൈത്രിപാല സിരിസേനയുമായും മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സമാധാന സേനാംഗങ്ങളുടെ സ്മാരകത്തില്‍ മോദി ആദരാഞ്ജലി അര്‍പ്പിക്കും.
ഇന്ത്യ – ശ്രീലങ്ക കരാര്‍ പ്രകാരം 1987 ല്‍ ആണ് ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ എത്തിയത്. എല്‍.ടി.ടി.ഇയുമായുള്ള പോരാട്ടത്തിനിടെ 1,140 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണു കണക്ക്. തമിഴ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള ജാഫ്‌നയും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും. ജാഫ്‌ന സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും രണ്ടാമത്തെ വിദേശ രാജ്യത്തലവനുമാണ് നരേന്ദ്ര മോദി.
Discussion about this post