കൊച്ചി: നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്ന് മുന്‍ എക്സൈസ് മന്ത്രി കെ. ബാബു. ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം നേരിട്ടവരാണ് ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും ബാബു പറഞ്ഞു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് ഇന്ന് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കെയാണ് പ്രതികരണം.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മനഃപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണ സംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്നും ബാബു വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം അനുസരിച്ചാണ് ബാര്‍ പൂട്ടിയത്. ആ മദ്യനയത്തിന്റെ ഇരയാണ് താന്‍. ബാറുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തന്റെ പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കുന്നതായും ചാനല്‍ അഭിമുഖത്തില്‍ കെ. ബാബു പറഞ്ഞു.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടായതായി കാണിച്ച് വ്യവസായി വി.എം. രാധാകൃഷ്ണന് നല്കിയ പരാതിയിലാണ് വിജിലന്‍സ് കെ. ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ത്വരിത പരിശോധനയില്‍ കെ. ബാബു നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്ന് 11 മണിക്ക് എറണാകുളം വിജിലന്‍സ് ആസ്ഥാനത്ത് ഹാജരാകാനാണ് ബാബുവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ഹാജരാകാനായിരുന്നു ആദ്യം നിര്‍ദ്ദേശം. എന്നാല്‍ ബാബു അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസില്‍ മൂന്ന് മാസമായി അന്വേഷണം നടന്നുവരികയാണ്. ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 100 കോടി രൂപയുടെ അഴിമതി നടന്നതായാണ് വിജിലന്‍സ് പറയുന്നത്.
Discussion about this post