ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ നിരവധി ഒളിത്താവളങ്ങള്‍ കണ്ടെത്തി. സ്ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കും പുറമെ പാകിസ്ഥാന്റെയും ചൈനയുടെയും പതാകകളും ഒളിത്താവളത്തില്‍നിന്ന് കണ്ടെത്തി.
ഭീകരരില്‍നിന്ന് ചൈനീസ് പതാക കണ്ടെത്തുന്നത് ആദ്യമായാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 പേരെ പോലീസ് ബരാമുള്ളയില്നിന്ന് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് 700 ഓളം വീടുകളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് ഭീകര ബന്ധം സംശയിക്കുന്നവര്‍ അറസ്റ്റിലായതെന്ന് കരസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍പാഡുകള്‍, പെട്രോള്‍ ബോംബുകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍ എന്നിവയാണ് ബരാമുള്ളയിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍നിന്ന് സൈന്യം കണ്ടെത്തിയത്. സൈന്യം , പോലീസ്, ബി.എസ്.എഫ്, സി.ആര്.പി.എഫ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരതാവളങ്ങള്‍ കണ്ടെത്തിയത്.
കശ്മീര്‍ താഴ് വരയില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞയാഴ്ച നടന്ന സംയുക്ത പരിശോധന. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
Discussion about this post