ഡല്‍ഹി: ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഭീകരസംഘടനകളുടെ സഹായം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണ രേഖ മറികടന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനാണു പാക്കിസ്ഥാന്റെ നീക്കം.
ഓപ്പറേഷന്‍ ക്ലീന്‍ ഹാര്‍ട്ട് എന്നാണ് അവര്‍ ആക്രമണ പദ്ധതിക്കിട്ടിരിക്കുന്ന പേര്. എന്നാല്‍, ഏതൊക്കെ നഗരങ്ങളാണു ഭീകരര്‍ ലക്ഷ്യമിടുന്നതെന്നു പുറത്തുവന്നിട്ടില്ല. ബംഗ്ലദേശിലെ ഭീകരസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ പേരാണു റിപ്പോര്‍ട്ടില്‍ ഉള്ളത്. ദേശീയ മാധ്യമമായ ഇന്ത്യാ ടിവിയാണു വിവരം പുറത്തുകൊണ്ടുവന്നത്. വിശദാംശങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാരിനു കൈമാറി. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, പൊതു സ്ഥലങ്ങളിലും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീകരര്‍ക്ക് ബംഗ്ലദേശിലെ താവളങ്ങളില്‍ ഈ വര്‍ഷം മാര്‍ച്ച് 15നും ജൂലൈ 31നും ഇടയില്‍ പരിശീലനം നല്‍കിയിരുന്നുവെന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. 12 ഭീകരര്‍ക്കു പരിശീലനം നല്‍കിയെന്നാണു വിവരം. ആയുധ പരിശീലനം മാത്രമല്ല, ഇന്ത്യന്‍ സൈനികരെ എങ്ങനെ നേരിടണമെന്നും ഇവര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വിവരം റോ, ഐബി, പ്രതിരോധ ഇന്റലിജന്‍സ്, മറൈന്‍ ഇന്റലിജന്‍സ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ വിഭാഗങ്ങള്‍ക്കു കൈമാറിയിട്ടുമുണ്ട്.
Discussion about this post