ഡല്‍ഹി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും ‘മെയ്ക്ക് ഇന്‍ കേരള’ സംരംഭവും ചേര്‍ന്നു കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പേര്‍ക്കു നൈപുണ്യ പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ നടപ്പാക്കേണ്ട നൈപുണ്യ പരിശീലന പദ്ധതിയെ കുറിച്ചു കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയും ‘മെയ്ക്ക് ഇന്‍ കേരള’ ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എന്‍.രാധാകൃഷ്ണനും ഇന്നലെ ചര്‍ച്ച നടത്തി.
ചേംബര്‍ ഓഫ് കൊമേഴ്സും സന്നദ്ധ സംഘടനയായ ‘സൈനും’ ചേര്‍ന്നാണ് ‘മെയ്ക്ക് ഇന്‍ കേരള’സംരംഭം ആരംഭിച്ചത്. നൈപുണ്യ പരിശീലനത്തിനു പുറമെ ബാങ്കുകളുമായി സഹകരിച്ചു മുദ്ര വായ്പ മേളകളും കേന്ദ്ര തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നു തൊഴില്‍ മേളകളും ‘മെയ്ക്ക് ഇന്‍ കേരള’ സംഘടിപ്പിക്കുന്നുണ്ട്.
മെയ്ക്ക് ഇന്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള നൈപുണ്യ പരിശീലന പരിപാടി നവംബറില്‍ ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, പാലക്കാട്, എന്നിവിടങ്ങളില്‍ സ്ഥിരം പരിശീലന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ ദീന് ദയാല്‍ ഉപാധ്യായ കൗശല്‍ യോജന പദ്ധതിയുടെ ഭാഗമായാണു പരിശീലനം.
മൂന്നു മാസം നീളുന്ന പരിശീലന പരിപാടിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു താമസം, ഭക്ഷണം, യൂണിഫോം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭിക്കും. ഇലക്ട്രിക്കല്‍, പ്ലംബിങ്, തയ്യല്‍ തുടങ്ങിയ തൊഴിലുകളിലാകും പരിശീലനം. തുടര്‍ന്നു തൊഴില്‍ കണ്ടെത്താനുള്ള സഹായവും പദ്ധതിയുടെ ഭാഗമായുണ്ടാകും.
അപേക്ഷകര്‍ക്കു ഓട്ടോറിക്ഷ, ഷി ടാക്സി, മല്‍സ്യവിപണന സംവിധാനമുള്ള ഓമ്നി കാര്‍, തയ്യല്‍ മെഷിന് തുടങ്ങിയവ വായ്പാ മേള വേദിയില്‍ തന്നെ വിതരണം ചെയ്യും. മെയ്ക്ക് ഇന്‍ കേരളയും എസ്ബിടി, ഫെഡറല്‍ ബാങ്ക്, യൂണിയന് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചുള്ള മുദ്ര വായ്പ വിതരണ മേളകളും നവംബറില്‍ ആരംഭിക്കും. ഓരോ മേളയിലും 500 പേര്‍ക്കു വായ്പ ലഭ്യമാക്കാനാണ് പരിപാടി. എല്ലാ ജില്ലകളിലും മുദ്ര വായ്പ മേളകള്‍ സംഘടിപ്പിക്കും.
കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പേര്‍ക്കു ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു മെയ്ക്ക് ഇന്‍ കേരള ‘ജോബ് ഫെയര്‍’ പരിപാടി ആരംഭിച്ചത്. പദ്ധതിക്കു തുടക്കമിട്ടു തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ജോബ് ഫെയറുകളിലായി ഇതിനകം 5,500 പേര്‍ക്കു ജോലി ലഭിച്ചു. നവംബര്‍ ആറിനു തിരുവനന്തപുരത്തു ജോബ് ഫെയര്‍ സംഘടിപ്പിക്കും. സംസ്ഥാനത്താകെ 41 ജോബ് ഫെയറുകള്‍ സംഘടിപ്പിക്കാനാണു പരിപാടി.
റിലയന്‍സ്, എല്‍ ആന്‍ഡ് ടി, വിപ്രോ, മണപ്പുറം തുടങ്ങി നൂറോളം സ്ഥാപനങ്ങളാണ് ജോബ് ഫെയറുകളില്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴില്‍ ദായകരില്‍ നിന്നും തൊഴിലന്വേഷകരില്‍ നിന്നും ഫീസ് ഈടാക്കില്ല. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഹാജരായാല്‍ അഭിമുഖം നടത്തി നിയമന ഉത്തരവുകള്‍ കയ്യോടെ നല്കുന്ന തരത്തിലാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.
Discussion about this post