കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ കനാചക് മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ എട്ടുവയസുകാരന് കൊല്ലപ്പെട്ടു. ഈ മേഖലയില്‍ ശക്തമായ ഷെല്ലാക്രമണവും പാക്ക് സൈന്യം നടത്തുന്നുണ്ട്.
ഞായറാഴ്ച രാത്രി ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. ബിഎസ്എഫ് കോണ്‍സ്റ്റിബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. രാത്രി തുടങ്ങിയ ആക്രമണം പുലര്‍ച്ചെവരെ നീണ്ടുനിന്നു. അഞ്ചു ദിവസത്തിനിടെ പാക്ക് സേന നടത്തുന്ന എട്ടാമത്തെ വെടിനിര്‍ത്തില്‍ ലംഘനമാണിത്.
പാക്ക് സൈന്യത്തിന് കൃത്യമായ മറുപടിയും ഇന്ത്യന്‍ സേന നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹിരനഗര്‍ മേഖലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴു പാക്ക് സൈനികരെ വധിച്ചു.
പാക്ക് സൈന്യത്തിന്റെ വെടിവയ്പിനെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. നാനൂറോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചത്. കത്തുവ ജില്ലയിലെ ബോബിയ, മറ്റ് അതിര്‍ത്തി ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെയാണു മാറ്റിപ്പാര്‍പ്പിച്ചത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ബിഎസ്എഫ് മേധാവി അറിയിച്ചു.
ആര്‍എസ് പുരയിലെ അബ്ദുല്ലിയാന്, കരോട്ടാന, ബിദിപൂര്, പര്‍ഗ്വാള്‍ മേഖലയിലെ നിക്കോവാള്, ജമ്മു ജില്ലയിലെ അഖ്നൂര്‍ എന്നിവിടങ്ങളിലും പാക്ക് സേന ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്കും പാക്ക് സൈന്യം ആക്രമണം നടത്തിയേക്കുമെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ജനങ്ങളെ ഇവിടങ്ങളില്‍നിന്നും ഒഴിപ്പിക്കുന്നുണ്ട്. പാക്ക് വെടിവെയ്പ്പ് തുടരുകയാണ്.
Discussion about this post