കൊച്ചി: കേരളത്തില്‍ നിന്ന് തീവ്രവാദ സംഘടനയായ ഐ.എസ്. ക്യാമ്പിലേക്ക് പോയ 21 പേരെയും റിക്രൂട്ട് ചെയ്തത് കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ മംഗലശ്ശേരി അബ്ദുള്ള(35)യെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. നേരത്തെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായിരുന്ന ഇയാള്‍ കോഴിക്കോട് എന്‍.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥിയാണ്.
‘ടെലിഗ്രാം’ എന്ന ആന്‍ഡ്രോയിഡ് ആപഌക്കേഷന്‍ ഉപയോഗിച്ചായിരുന്നു ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരെ സജീര്‍ ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.എസ്. നേതാക്കളുമായി സജീറിന് ബന്ധമുള്ളതായോ ഐ.എസ്. എന്തെങ്കിലും പ്രത്യേക ദൗത്യം ഇയാളെ ഏല്‍പ്പിച്ചതായോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ അഫ്ഗാനില്‍ ഒളിവിലുണ്ടെന്നു കരുതുന്ന സജീറിനെ പിടികൂടാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. സമീര്‍ അലി എന്ന വ്യാജ പ്രൊഫൈലില്‍ സജീര്‍ ഐ.എസ്. അനുകൂല ആശയവിനിമയങ്ങള്‍ പ്രചരിപ്പിച്ചത് ഐ.ബി. കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവര്‍ എന്‍.ഐ.എ.ക്ക് വിവരങ്ങള്‍ കൈമാറിയത്.
സജീറിന്റെ കുടുംബാംഗങ്ങളാരും തന്നെ തീവ്രമതവിശ്വാസികളായിരുന്നില്ലെന്നും ഇത്തരമൊരു പ്രവര്‍ത്തനത്തിന് സജീര്‍ ഇറങ്ങിത്തിരിച്ചതിനെ സംബന്ധിച്ച് അറിവുള്ളവരായിരുന്നില്ലെന്നുമാണ് ഐ.ബി. ഉദ്യോഗസ്ഥരില്‍നിന്ന് എന്‍.ഐ.എ.ക്ക് ലഭിച്ച വിവരം.
സ്‌കൂള്‍വിദ്യാഭ്യാസം സുല്‍ത്താന്‍ ബത്തേരിയില്‍ പൂര്‍ത്തിയാക്കിയ സജീര്‍ 2002-ല്‍ കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം 2004-ല്‍ ജോലിയ്ക്കായി സൗദിയിലേക്കു പോയി. കോഴിക്കോട്ടു നിന്നെടുത്ത പാസ്‌പോര്‍ട്ട് ഇയാള്‍ 2014-ല്‍ ഇവിടെ നിന്നുതന്നെയാണ് പുതുക്കിയത്. കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായിരുന്ന പിതാവ് പത്തുവര്‍ഷം മുമ്പ് മരിച്ചു. രണ്ടു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. എന്‍.ഐ.ടി.യില്‍ ചേര്‍ന്നപ്പോഴാണ് വയനാട്ടില്‍ നിന്ന് മൂഴിക്കലിലേക്ക് താമസം മാറിയത്. നാട്ടുകാരുമായി അധികം ഇടപെടുന്ന സ്വഭാവം സജീറിനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, എസ്.ഡി.പി.ഐ.യുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജീവമായിരുന്നെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ‘എസ്.ഡി.പി.ഐ. കേരളം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും സജീവമായിരുന്നു.
Discussion about this post