കണ്ണൂര്‍ : കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.130 പേജുകള്‍ ഉള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
സിപിഎമ്മിന്റെ അറിവോടെയായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സിപിഎം നേതാക്കളുടെ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുറ്റപത്രത്തില്‍ ആവശ്യപ്പെടുന്നുണ്ട്.കേസില്‍ 19 പ്രതികളാണുള്ളത്. ഇവരെ മുഴുവന്‍ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
ആര്.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന മനോജിനെ 2014 സെപ്റ്റംബര്‍ ഒന്നിനാണ് വെട്ടിക്കൊന്നത്. കതിരൂര്‍ ഡയമണ്ട് മുക്കില്‍ സുഹൃത്തിനൊപ്പം കണ്ണൂരിലേക്ക് വരുന്നതിനിടെ വാനിന് നേരെ ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമായിരുന്നു ആക്രമണം. കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും പിന്നീട് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി.ഐയ്ക്ക് കൈമാറുകയുമായിരുന്നു. വിക്രമനാണ് ഒന്നാം പ്രതി. പാട്യം സ്വദേശി വിജേഷ്, ശിവപുരം സ്വദേശി ടി. പ്രഭാകരന്, കോട്ടയം പൊയിലിലെ സുജിത്ത്, കതിരൂരിലെ നന്ദിയത്ത് വിനോദ്, കടമ്പേരിയിലെ കരിങ്കയം കൃഷ്ണന് എന്നിവരാണ് മറ്റു പ്രധാന പ്രതികള്‍.
കേസില്‍ ഇതുവരെ 230 ലേറെ സാക്ഷികളുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെടുമ്പോള്‍ മനോജ് ഉപയോഗിച്ചിരുന്ന കാറും പ്രതികള്‍ എത്തിയ ബൈക്കുകളുള്പ്പെടെയുള്ള തൊണ്ടിമുതലും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ഹരി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
Discussion about this post