ഡല്‍ഹി: ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയാണെങ്കില്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെ വേണം വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ന നിബന്ധനയും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒറ്റ യന്ത്രമുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും വ്യോമസേന വൃത്തങ്ങള്‍ പറയുന്നു.
കലാവധി പൂര്‍ത്തിയായ പഴയ വിമാനങ്ങള്‍ക്ക് പകരമാണ് ഇപ്പോള്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനം. ഏകദേശം ഒരു ലക്ഷം കോടിരൂപയുടെ ഇടപാടാണ് ഇതിലൂടെ നടക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന കരാര്‍ കൂടിയാകും ഇത്.
ആഭ്യന്തര കമ്പനികളുടെ സഹകരണത്തോടെ വിമാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന് ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുന്നോട്ട് വന്നിരുന്നു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
Discussion about this post