പെരുമ്പാവൂര്‍: വാട്സാപ്പിലൂടെ തന്റെ നഗ്നത പുറത്തുകാട്ടിയ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കനത്ത എതിര്‍പ്പ്. ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാതെ തിങ്കളാഴ്ച ഏരിയാ കമ്മിറ്റി ചേരാന്‍ നിശ്ചയിച്ചിരിക്കുകയാണ്. ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ ഇന്ന് ചര്‍ച്ച നടക്കും. ജില്ലാ സെക്രട്ടറി പി. രാജീവ് പങ്കെടുക്കും.
സി.പി.എം. മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പരാതി. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. നഗ്ന ചിത്രം സെല്ഫോണിലെടുത്ത് വനിത ലോക്കല്‍ കമ്മിറ്റിയംഗത്തിന് അയച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയതായാണ് പാര്‍ട്ടി വിശദീകരണം. ത്രിവേണി എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ചിത്രം പോയത്. 242 അംഗങ്ങളുള്ള ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറി അയച്ച ചിത്രം ചെന്നതോടെ, നാട്ടില്‍ ചര്‍ച്ചയായി. സി.പി.എം. നേതൃത്വം ഇടപെട്ട് പിന്നീട് ഈ ഗ്രൂപ്പ് തന്നെ നിര്‍ത്തലാക്കി. എങ്കിലും പാര്‍ട്ടിക്കാരുടെ പക്കല്‍ ഇപ്പോഴും ചിത്രം വൈറലാണ്.
അബദ്ധം പിണഞ്ഞതാണെന്നും ജാഗ്രതക്കുറവു മൂലം, ചിത്രം അയച്ചത് മാറിയതാണെന്നുമാണ് ലോക്കല്‍ സെക്രട്ടറി നേതൃത്വത്തിന് വിശദീകരണം. വനിത എല്‍.സി. അംഗത്തിന്റെ പേര് വാട്സാപ്പ് ഗ്രൂപ്പിന്റെ പേരായ ത്രിവേണി എന്നുകൂടി ചേര്‍ത്താണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. രാത്രി അയച്ചപ്പോള്‍ ത്രിവേണി ഗ്രൂപ്പിലേക്കായിപ്പോയി എന്നും മറ്റുമാണ് എല്‍.സി. സെക്രട്ടറിയുടെ കുറ്റസമ്മതം. സംഭവത്തിനു ശേഷം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയില്‍ 12 പേര് പങ്കെടുത്തിരുന്നു. അഞ്ചു പേര് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു.
Discussion about this post