തിരുവനന്തപുരം: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭയിലെ കൗണ്‍സിലറുമായ പി എന്‍ ജയന്തന്‍, സഹോദരന്‍ ജിനീഷ്, സുഹൃത്തുക്കളായ ഷിബു, ബിനീഷ്, എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവതി വെളിപ്പെടുത്തിയത്.
പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാര്‍ മോശമായി പെരുമാറി. മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു. പോലീസ് പ്രതികള്‍ക്കൊപ്പമെന്നും യുവതി വ്യക്തമാക്കി. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പേരാമംഗലം സി ഐ ആവശ്യപ്പെട്ടു. മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തി.
ഭര്‍ത്താവിനോടൊപ്പം തൃശൂരില്‍ താമസിക്കവെയാണ് യുവതി പീഡനത്തിന് ഇരയായത്. പൊലീസും സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണു ആദ്യം നല്‍കിയ പരാതിയില്‍നിന്നു പിന്നോട്ടുപോകാന്‍ തീരുമാനിച്ചത്. അതിനനുസരിച്ചാണ് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയത്.
പുറത്തിറങ്ങിയാല്‍ കുട്ടികളെ കൊല്ലുമെന്നു അവര്‍ ഭീഷണിപ്പെടുത്തി. മൊഴി നല്‍കുമ്പോള്‍ ഭര്‍ത്താവിനെ കാറില്‍ തടഞ്ഞുവച്ചിരുന്നു. സമ്മര്‍ദമുണ്ടോയെന്നു മജിസ്‌ട്രേട്ട് ചോദിച്ചപ്പോള്‍ താന്‍ കരഞ്ഞു. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍വച്ചാണെന്നും യുവതി വ്യക്തമാക്കി.
പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനമാണ് അനുഭവിക്കണ്ടിവന്നതെന്നും അസഭ്യം നിറഞ്ഞ പെരുമാറ്റമായിരുന്നു പോലീസുകാരുടേതെന്നും യുവതി പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് മോശമായി പെരുമാറി. വനിതാ സെല്ലില്‍ കൊടുത്ത പരാതി പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി പിന്‍വലിപ്പിച്ചു.
കേസില്‍ നിന്ന് പിന്‍മാറാന്‍ കടുത്ത സമ്മര്‍ദ്ദമാണ് പോലീസിന്റെയും പ്രതികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കോടതിയില്‍ മൊഴി മാറ്റാന്‍ പോലീസ് നിര്‍ബന്ധിച്ചു. തൃശ്ശൂര് പോയാല്‍ അവര്‍ ഞങ്ങളെ കൊന്നേക്കാം. കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയി. കൃത്യമായി എവിടെവെച്ചാണ് സംഭവിച്ചതെന്ന് അറിയില്ല. കേസ് പിന്‍വലിച്ചതിനു ശേഷവും ഉപദ്രവം തുടരുകയാണ്. സഹായിക്കാന്‍ ആരുമില്ലാത്തതിനാലാണ് ഭാഗ്യലക്ഷ്മിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
Discussion about this post