തിരുവനന്തപുരം: നാലു പേര് പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് പീഡനത്തിനിരയായ യുവതി. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് യുവതി വ്യക്തമാക്കി.
പേരാമംഗലം സിഐ അസഭ്യം പറഞ്ഞു. കോടതിയില്‍ മൊഴിമാറ്റിപ്പറയാന്‍ പൊലീസാണ് പഠിപ്പിച്ചത്. മധു അമ്പലത്തൂരെന്ന രാഷ്ട്രീയക്കാരനും പോലീസും കൂടിയിരുന്നാണ് തന്നെ മാറ്റിപ്പറയാനുള്ള മൊഴി പഠിപ്പിച്ചത്. നിരന്തരമായി അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുറന്നുപറയുന്നത്. നാലു പേര് പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി അഭിപ്രായപ്പെട്ടു. പ്രതികളെ ചൂണ്ടിക്കാട്ടി ഇവരില്‍ ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു നിനക്ക് ഏറ്റവും കൂടുതല്‍ സുഖമെന്നായാരുന്നു സിഐയുടെ ചോദ്യം. ഇഷ്ടപ്പെട്ട സൈസ് ഏതാണെന്ന് പൊലീസ് ചോദിച്ചു.
സിപിഐഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ നേതാവ് ജയന്തന്, ബിനീഷ്, ജനീഷ്, ഷിബു എന്നീ അയല്ക്കാരായിരുന്ന നാലുപേരാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തിന് മുന്നിലും അപമാനിച്ചെന്നും യുവതി വ്യക്തമാക്കി.2014-ല്‍ സ്കൂള്‍ അവധി സമയത്താണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഡീ അഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു. ഒരു ദിവസം വൈകിട്ട് വീട്ടിലെത്തിയ നാലുപേരും തന്നോട് ഭര്‍ത്താവിന്റെ അടുക്കലേക്ക് പോകണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എലൈറ്റ് ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ കൊടുങ്ങല്ലൂരേക്കുള്ള റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഭര്‍ത്താവ് ചികിത്സ കഴിഞ്ഞ് വന്നശേഷമാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് കേസ് കൊടുത്തത്. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതി നല്‍കാനെത്തിയ തനിക്ക് മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ദിവസങ്ങളോളം രാവിലെ മുതല്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തി. ഈ വര്‍ഷം ഓഗസ്റ്റ് 16 നാണ് യുവതി പരാതി നല്‍കിയത്. പേരാമംഗലം എസ്ഐയും സിഐയും ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു. പരാതിയില്ലാതെ പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്നായിരുന്നു ഇവരുടെ നിലപാട്. വനിതാ സെല്ലില്‍ എന്തിനാണ് പാരതി നല്‍കിയതെന്ന് ചോദിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറാണ് ജയന്തന്. രാഷ്ട്രീയ സ്വീധീനം ഉപയോഗിച്ചാണ് ഇയാള്‍ കേസ് ഇല്ലാതാക്കിയത്. പണം തന്ന് കേസ് ഒഴിവാക്കാന്‍ ശ്രമിച്ചു.
മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റണമെന്ന് പൊലീസാണ് ആവശ്യപ്പെട്ടത്. പൊലീസ് പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞത്. മൊഴി നല്കാന് പോയപ്പോള്‍ ഭര്‍ത്താവിനെ കാറില്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. സംഭവം നടന്നിട്ടില്ലെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. തത്കാലം പരാതി പിന്‍വലിക്കാമെന്നാണ് പറഞ്ഞത്. തനിക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭീഷണി ഉണ്ടായിരുന്നു. അതാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മജിസ്ട്രേറ്റിനോടും വ്യക്തമാക്കിയിരുന്നു. ഇപ്പോഴും പേടിയോടെയാണ് ജീവിക്കുന്നത്. പരാതി പിന്‍വലിച്ച ശേഷം വീട്ടില്‍ പോയിട്ടില്ല.
മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നില്‍ ഇന്ന് വെളിപ്പെടുത്തുമെന്ന് യുവതി വ്യക്തമാക്കി. പ്രതികളായ നാലുപേരും വേറെ കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയോട് തുറന്നുപറയും. പൊലീസിനും കൗണ്‍സിലര്‍ക്കുമെതിരെ ഒരു മാതൃകാ നടപടിയെങ്കിലും എടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
പ്രതികളായവരും തങ്ങളുടെ കുടുംബവും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്ന് യുവതി വ്യക്തമാക്കി. യുവതിയുടെ കുടുംബത്തില്‍ നിന്ന് പ്രതികള്‍ പണം കടം വാങ്ങിയിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ടല്ല ഈ വിഷയമെന്നും യുവതി പറയുന്നു.
അതേസമയം സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള കാര്യമാണ് തനിക്കെതിരേ പരാതി നല്കാന് കാരണമായിരിക്കുന്നതെന്നാണ് ജയന്തന് പറഞ്ഞിരിക്കുന്നത്.
Discussion about this post