ഡല്‍ഹി: ഒരേ റാങ്ക് ഒരേ പെന്ഷന് (ഒആര്‍ഒപി) പദ്ധതിയുടെ കാര്യക്ഷമമല്ലാത്ത നടത്തിപ്പില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിമുക്തഭടന് റാം കിഷന് ഗ്രേവാളിന് ജീവനൊടുക്കാന്‍ ബാഹ്യസമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്രേവാളിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഒക്ടോബര്‍ 31ന് ഗ്രേവാള്‍ എഴുതിയ ആത്മഹത്യാ കുറിപ്പും നവംബര്‍ ഒന്നിലെ അദ്ദേഹത്തിന്റെ ആത്മഹത്യയും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മരിക്കാനായി വിഷം കഴിക്കുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ ആര് എന്ന കാര്യത്തില്‍ സംശയമുണ്ട്. മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രത്യേക മനോനില മുതലെടുത്ത് ആരെങ്കിലും വിഷം എത്തിച്ചുനല്കിയതാണോ എന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
തലസ്ഥാനത്തെ സമരമുഖത്തു നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ ഗ്രേവാള്‍, തന്റെ മരണത്തെ ചൊല്ലി ദുഖിക്കരുതെന്നും ധീര ജവാന്റെ മകനായിരിക്കണമെന്നും മകനോട് പറഞ്ഞിരുന്നു. ജന്മനാടിനും സൈനികര്‍ക്കും വേണ്ടിയാണു ജീവന് ബലി കഴിക്കുന്നതെന്ന് തന്റെ അവസാന ഫോണ്‍ സംഭാഷണത്തില്‍ മകനോടും ഭാര്യയോടും പറഞ്ഞശേഷമാണ് ഗ്രേവാള്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.
ഗ്രേവാളിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ഹരിയാനയിലെത്തി. ഗ്രേവാളിന്റെ മൃതദേഹം കാണാന്‍ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്, മനീഷ് സിസോദിയ എന്നിവരെ പൊലീസ് തടഞ്ഞത് വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.
Discussion about this post