വാഷിങ്ടന്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഎസ് വോട്ടര്‍മാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്തതായി യുഎസ് ഭീകരവാദ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പ്. യുഎസിലെ മുസ്ലിംകള് പ്രസിഡന്റ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കരുതെന്നും ഐഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുഎസിലെ ഭീകരവാദ നിരീക്ഷണ സംഘമായ എസ്ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്സ് കാട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ഹയാത്ത് മീഡിയ സെന്ററാണ് യുഎസ് തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചതെന്ന് കാട്സ് ട്വിറ്ററില്‍ വ്യക്തമാക്കി. നിങ്ങളെ കശാപ്പു ചെയ്യാനും നിങ്ങളുടെ ബാലറ്റ് പെട്ടികള്‍ ദൂരെയെറിയുവാനുമാണ് ഭീകരര്‍ വന്നിരിക്കുന്നതെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു. ‘ദ മുര്‍ത്താദ് വോട്ട്’ എന്ന തലക്കെട്ടോടു കൂടിയ ഏഴു പേജോളം വരുന്ന മാനിഫെസ്റ്റോയിലാണ് ഈ ഭീഷണി സന്ദേശം ഉള്ളതെന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മതത്തോട് ചേര്‍ന്ന് നില്ക്കുന്ന സുദീര്‍ഘമായ വാദങ്ങളുയര്‍ത്തി ഇത്തരം ആക്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമവും ലേഖനത്തിലുണ്ട്. ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരായ നയത്തിന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ ലേഖനത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ആക്രമണ സാധ്യതയേക്കുറിച്ച് കാട്സ് ട്വിറ്ററില്‍ വിശദീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനുമാണ് ഐഎസിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍, ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യുഎസ് സൈനികന്റെ പിതാവായ കിസര്‍ ഖാന് എന്നിവരുടെ ചിത്രങ്ങള്‍ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില യുഎസ് നഗരങ്ങളെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിന് തലേന്ന് ആക്രമണം നടത്താന്‍ ഭീകരസംഘടനയായ അല്‍ ഖായ്ദയും പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ന്യൂയോര്‍ക്ക്, വിര്‍ജീനിയ, ടെക്സാസ് നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ഭീഷണിയുടെ ആധികാരികത ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് കൂടുതല്‍ ഭീകരസംഘടനകള്‍ ഭീഷണികളുമായി രംഗത്തെത്തുന്നുവെന്ന റിപ്പോര്‍ട്ട്.
Discussion about this post