ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സ്വന്തം ആഭ്യന്തരപരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് ഇസ്ലാമാബാദിന്റെ പഴയ രീതിയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഫ്ഗാൻ ജനതയ്ക്ക് നേരെയുള്ള വ്യോമാക്രമണത്തെക്കുറിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ടപ്പെട്ടു.നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഏത് ആക്രമണത്തെയും ഞങ്ങൾ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. സ്വന്തം ആഭ്യന്തരപരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പഴയരീതിയാണ്. ഇക്കാര്യത്തിൽ അഫ്ഗാൻ വക്താവിന്റെ പ്രതികരണവും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിസംബറിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 46 പേർ കൊല്ലപ്പെട്ടതായി താലിബാൻ കുറ്റപ്പെടുത്തിയിരുന്നു, ബർമാലിലെ നാല് സ്ഥലങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ അഭയാർത്ഥികളാണെന്നും മറ്റ് ആറ് പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ സർക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്രത് എംപി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ 27 സ്ത്രീകളും കുട്ടികളുമടക്കം 50 പേർ മരിച്ചതായി തെഹ്രീകെ താലിബാൻ പാകിസ്താൻ വക്താവ് മുഹമ്മദ് ഖുറസാനി പ്രസ്താവനയിൽ പറഞ്ഞു. വടക്കുപടിഞ്ഞാറൻ മേഖലയിൽ പാകിസ്താൻ നടത്തുന്ന ആക്രമണം കാരണം അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്ത നിരായുധരായ അഭയാർത്ഥികളാണിവരെന്നും അദ്ദേഹം പറഞ്ഞു.
കാബൂളിലെ അഫ്ഗാൻ വിദേശകാര്യമന്ത്രാലയം പാകിസ്താൻ പ്രതിനിധിയെ വിളിച്ചുവരുത്തി പാക് സൈന്യത്തിന്റെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Discussion about this post