കൊച്ചി: 100 കോടി ക്ലബില്‍ കടക്കുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകന് മാറിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന് മോഹന്‍ലാല്‍. പുലിമുരുകന് 100 കോടി ക്ലബില്‍ കടന്നു എന്ന അറിയിപ്പിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍, പുലിമുരുകന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ ശില്പികളോട് നന്ദി രേഖപ്പെടുത്തിയത്. പുലിമുരുകന് എന്ന ചിത്രത്തെ വെള്ളിത്തിരയിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിച്ച സംവിധായകന് വൈശാഖ്, നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം, സ്റ്റഡ് കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, സിനിമാറ്റോഗ്രാഫര്‍ ഷാജി എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍ അണിയറ ശില്പികള്ക്കും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി. കൂടാതെ, പുലിമുരുകനെ തിയേറ്ററില്‍ ചെന്ന് കണ്ട് വിജയിപ്പിച്ച മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി രേഖപ്പെടുത്തിയ മോഹന്‍ലാല്‍, എല്ലാറ്റിനുമുപരി സര്‍വ്വശക്തന്റെ അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു.
നൂറ് കോടി രൂപ കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രം എന്ന നേട്ടമാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് വേട്ടയാടിപ്പിടിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ നേട്ടം. ചിത്രം വിദേശ രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്തതാണ് 100 കോടി ക്ലബ്ബിലേക്കുള്ള പുലിമുരുകന്റെ യാത്രയ്ക്ക് വേഗം കൂട്ടിയത്. കളക്ഷനില്‍ മുമ്പില്‍ നിന്ന ദൃശ്യത്തിന്റെ മലയാള സിനിമയിലെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു പുലിമുരുകന്റെ മുന്നേറ്റം.
സാറ്റലൈറ്റ് റൈറ്റും റീമേക്ക് റൈറ്റും അടക്കമുള്ള റൈറ്റ്സുകളില്‍ നിന്ന് 15 കോടിയോളം രൂപയാണ് നിര്‍മ്മാതാവിന്റെ കീശയിലെത്തിയത്. ഇതുള്‍പ്പെടെയാണ് 100 കോടിയെന്ന നേട്ടം പുലിമുരുകന് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 65 കോടിക്കു മേല്‍ നേടിയ ചിത്രം അമേരിക്ക, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലും സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് യുഎഇയില്‍ നിന്ന് 13 കോടിക്ക് മേല്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.
റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടുന്ന ചിത്രം എന്നിങ്ങനെ നേരത്തെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് 100 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 30 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുലിമുരുകന്റെ ഈ നേട്ടം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിമുരുകന് ഒരു ദിവസം 470 ഷോകളായിരുന്നു. ഇന്ത്യയില്‍ നിന്ന് മൊത്തമായി 77 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്. ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
[fb_pe url=”https://www.facebook.com/ActorMohanlal/posts/1171104899611871:0″ bottom=”30″]
Discussion about this post