ഡല്‍ഹി: രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രാബല്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാനായി ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇത് കൂടാതെ ബാങ്കുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് നാളെ ലഭിക്കുകയുമില്ല.
മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. പുതിയതായി ഇനി 500, 1000 നോട്ടുകള്‍ അച്ചടിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ കൈവശമുളള 1000,500 നോട്ടുകള്‍ അന്‍പത് ദിവസത്തിനുള്ളില്‍ മാറ്റിവാങ്ങാമെന്നും ഇതിനായി പോസ്റ്റ് ഓഫിസുകളും ബാങ്കുകളും സജ്ജമാണെന്നും പ്രധാനമന്ത്രി വിശദമാക്കി.
അതേസമയം അവശ്യസര്‍വീസ് കണക്കിലെടുത്ത് ആശുപത്രികളില്‍ 1000ത്തിന്റെയും 500ന്റെയും പഴയനോട്ടുകള്‍ നവംബര്‍ 11ന് വരെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദമാക്കി. കൂടാതെ റെയില്‍വെ ബുക്കിങ്ങിലും മൂന്ന് ദിവസത്തെ ഇളവ് 500, 1000 നോട്ടുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പുകളും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും നവംബര്‍ 11 വരെ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കും. എന്നാല്‍ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ പമ്പ് ഉടമകള്‍ സൂക്ഷിച്ച് വെക്കണം. ശ്മശാനങ്ങളിലും നവംബര്‍ 11വരെ ഈ നോട്ടുകള്‍ സ്വീകരിക്കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഡിസംബര്‍ 30നകം ബാങ്കുകളില്‍ നിന്ന് മാറ്റാന്‍ സാധിക്കാത്തവര്‍ക്ക് 2017 മാര്‍ച്ച് 31വരെ മാറ്റാന്‍ സമയം അനുവദിക്കും. ഇതിന് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വേണം. രണ്ടായിരത്തിന്റെ പുതിയ നോട്ടും അഞ്ഞൂറിന്റെ പുതിയ നോട്ടും ഉടന്‍ വിതരണം ചെയ്യുമെന്നും മോദി വ്യക്തമാക്കി.
Discussion about this post