തിരുവനന്തപുരം: എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ശ്രീലേഖയ്ക്കെതിരെ അന്വേഷണം വേണ്ടെന്നും അവരുടെ വിശദീകരണം തൃപ്തികരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ ആണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ഗതാഗത വകുപ്പാണ് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ശ്രീലേഖക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച് പിന്നീട് ട്രാന്‍സ്പോര്‍ട് കമ്മീഷണറായിരുന്ന ടോമിന് ജെ തച്ചങ്കരിയാണ് അന്വേഷണം നടത്തിയത്. ചീഫ്സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടോമിന് ജെ തച്ചങ്കരി അന്വേഷണം നടത്തിയത്. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം, പാലക്കാട്. ചിറ്റൂര്‍ ആര്‍ടിഒ ഓഫീസ് നവീകരണം എന്നിവയില്‍ ക്രമക്കേട് നടന്നുവെന്നാണ് ടോമിന് ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്.
തച്ചങ്കരിയുടെ റിപ്പോര്ട്ടിന്മേല് ഗതാഗതവകുപ്പ് പ്രാഥമികപരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചത് ഇങ്ങനെ. ചിറ്റൂര്‍, പാലക്കാട് ആര്‍ടി ഓഫീസുകളില്‍ എസി സ്ഥാപിക്കാനുള്ള നീക്കം ക്രമവിരുദ്ധമായിരുന്നു. ഇതേ തുടര്‍ന്ന് എസി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കം നടന്നു. സ്ഥലംമാറ്റങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്നു. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥക്കെതിരെ അന്വേഷണറിപ്പോര്‍ട്ട് നല്‍കിയത് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശമാണ് ഗതാഗതവകുപ്പ് നല്‍കിയത്.
Discussion about this post