മംഗളൂരു: ഓടുന്ന ബസ്സില്‍ നിന്ന് നോട്ട് മഴ. മംഗളൂരുവില്‍ വിട്ട്ലയ്ക്കും കസബ പുത്തുരിനും ഇടയിലുള്ള കംബള ബെട്ടുപാലത്തിനടുത്താണ് കഴിഞ്ഞദിവസം പട്ടാപ്പകല്‍ ബസ്സില്‍നിന്ന് നോട്ട് കാറ്റില്‍ പറത്തിയത്.
ഓടുന്ന ബസ്സില്‍നിന്ന് വീഴുന്ന നോട്ടുകള്‍ പറക്കുന്നതു കണ്ട് വഴിയാത്രക്കാര്‍ ആദ്യം അന്തംവിട്ടു. കണക്കില്പ്പെടുത്താനാവാത്ത ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കാറ്റില്‍ പറന്നിറങ്ങുന്നതെന്ന് പിന്നീട് മനസ്സിലായി. പിന്നെ നോട്ടുകള്‍ കൈക്കലാക്കാനുള്ള മത്സരമായി വഴിയരികിലും തൊട്ടുള്ള പറമ്പിലുമെല്ലാം.
വിവരമറിഞ്ഞ വിട്ട്ല പോലീസ് സ്ഥലത്തെത്തിയെങ്കിലും കള്ളപ്പണക്കാരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വഴിയരികില്‍നിന്ന് നോട്ടുകള്‍ കിട്ടിയവര്‍ സ്ഥലംവിട്ടതുകാരണം പണം സ്വന്തമാക്കിയവരെയും പോലീസിന് കണ്ടെത്താനായില്ല.
ഓടുന്ന ബസ്സില്‍ ഡ്രൈവറുടെ പിന്നിരയിലിരുന്നാണ് അജ്ഞാതര്‍ കള്ളപ്പണം കാറ്റില്‍ പറത്തിയതെന്നാണ് സൂചന. വഴിയാത്രക്കാര്‍ക്കും ഓടിക്കൂടിയ പ്രദേശവാസികള്‍ക്കും ശരാശരി നാലുംഅഞ്ചും നോട്ടുകള്‍ കിട്ടിയതായാണ് വിവരം. ഒന്നരലക്ഷം രൂപയുടെ നോട്ടുകളെങ്കിലും അജ്ഞാതര്‍ കാറ്റില്‍ പറത്തിയതായാണ് നാട്ടുകാരുടെ നിഗമനം.
Discussion about this post