ഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കി 15 ദിവസത്തിനുള്ളില്‍ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപയുടെ നിക്ഷേപമെത്തിയെന്ന് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ചതായും സംശയിക്കുന്നു.
1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ഈ മാസം 8ന് നടത്തിയ പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ 15ന് ദിവസത്തിനിടെ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം ആരംഭിച്ച സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് 21000 കോടി രൂപയുടെ നിക്ഷേപമെത്തിയത്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കുറച്ചുദിവസത്തിനകം ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 65000 കോടിക്ക് മുകളിലേക്ക് ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുന്നു.
25 കോടി പേരാണ് വിവിധ ബാങ്കുകളിലായി ജന്‍ധന്‍ പദ്ധതി പ്രകാരം അക്കൗണ്ടുകള്‍ തുറന്നത്. ഒരു നിക്ഷേപവും ഇല്ലാതിരുന്ന ഈ അക്കൗണ്ടുകളിലേക്ക് ഇപ്പോള്‍ നിക്ഷേപങ്ങളുടെ ഒഴുക്കാണ്. നോട്ടുകള്‍ വെളുപ്പിക്കാന്‍ മാവോയിസ്റ്റുകള്‍വരെ ആദിവാസികള്‍ വഴി ഇത്തരം അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജന്‍ധന്‍ അക്കൗണ്ടുകളിലേക്കെത്തുന്ന നിക്ഷേപങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇതിനിടെ നോട്ടുകള്‍ മാറ്റിയെടുക്കാനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കൊണ്ടുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അസാധു നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് നല്കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോട് അവസാനിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വെ, മെട്രോ സ്റ്റേഷനുകള്‍, ബസ് സര്‍വ്വീസ് എന്നിവക്ക് നാളെ മുതല്‍ പുതിയ കറന്‍സി നല്‍കേണ്ടിവരും.
അതുകൊണ്ട് തന്നെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക് ബാങ്കുകളിലും എ.ടി.എമ്മുകളിലും നാളെ മുതല്‍ വീണ്ടും കൂടും. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ തമിഴ്നാടിനെ സഹകരണ സ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
Discussion about this post