നോട്ട് അസാധുവാക്കല്‍ നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും ധീരമായ നയഇടപെടലാണെന്ന് ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ ഗീതാ ഗോപിനാഥ്. പ്രോജക്ട് സിന്‍ഡിക്കേറ്റ് വെബ്സൈറ്റില്‍ നവംബര്‍ 24ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവുകൂടിയായ ഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നോട്ട് അസാധുവാക്കലും തുടര്‍ന്ന് സഹകരണമേഖലയിലെ പ്രതിസന്ധിയും മുന്‍നിര്‍ത്തി തിങ്കളാഴ്ച സംസ്ഥാനസര്‍ക്കാര്‍ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ്. മാത്രമല്ല, കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒന്നിച്ചാണ് കേന്ദ്രനയത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുകൂടിയായ ഗീതയുടെ അഭിപ്രായം പ്രതിരോധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടിയേക്കും. ‘അഴിമതിയിലും കള്ളനോട്ടിലും മയക്കുമരുന്നുകടത്തിലും തീവ്രവാദത്തിലും ഉള്‍പ്പെട്ടുകിടക്കുന്ന നികുതിവിധേയമല്ലാത്ത കള്ളപ്പണം തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നികുതി കൃത്യമായി നല്കുന്ന ശമ്പളക്കാരും പാവപ്പെട്ടവരും നടപടിയെ ആദ്യം ഏറെ പിന്തുണച്ചു. എന്നാല്‍, പണലഭ്യത കുറഞ്ഞതോടെ ആളുകള്‍ കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വാണിജ്യാവശ്യങ്ങള്‍ക്ക് കൂടുതലും കറന്‍സികളാണ് ഉപയോഗിക്കുന്നത് എന്നതിനാലാണിത്.
അമേരിക്കയിലെ സാമ്പത്തിക വിദഗ്ധനായ ജെയിംസ് എസ്. ഹെന്റി 1976-ല്‍ കള്ളപ്പണം നേരിടാന്‍ നോട്ട് അസാധുവാക്കല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നയരൂപകര്‍ത്താക്കള്‍ ഇത് ഗൗരവമായി എടുത്തില്ല. ഹെന്റിയുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ നടപ്പാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന് വേണ്ടത്ര ഫലമുണ്ടാകില്ലെന്നുപറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.’ സാമ്പത്തിക വിദഗ്ധനായ കെന്നത്ത് റൊഗോഫിന്റെ ‘ദ കഴ്സ് ഓഫ് കാഷ്’ എന്ന പുസ്തകത്തില്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ചുള്ള അഭിപ്രായവും ലേഖനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നത് ഫലപ്രദമാണെന്നുതന്നെയാണ് അദ്ദേഹവും പറയുന്നത്. അതേസമയം, കറന്സിലഭ്യത കുറയുന്നത് ചെറുകിട വ്യാപാരസ്ഥാപനങ്ങളെ ബാധിക്കും. മാത്രമല്ല, ഉയര്‍ന്ന മൂല്യമുള്ള നോട്ട് സ്ഥിരമായി പിന്‍വലിക്കണമായിരുന്നു. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കുറയുമെന്നും അദ്ദേഹം പറഞ്ഞുെവയ്ക്കുന്നു’വെന്നാണ് ഗീത എഴുതിയത്. നോട്ട് അസാധുവാക്കല്‍ നടപടി തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ഗീത പറയുന്നു.
Discussion about this post