മുംബൈ: കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടടിക്കാര്‍ക്കും മാത്രമല്ല കുപ്രസിദ്ധമായ മുംബൈ അധോലോകത്തിനും നോട്ട് പിന്‍വലിക്കല്‍ തിരിച്ചടിയായി. ഹവാല പണത്തിന്റെ വഴി അടഞ്ഞതോടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഒഴുക്ക് നിലച്ചു. ആയുധ നിര്‍മ്മാണവും കൊട്ടേഷന്‍ പ്രവര്‍ത്തനവും മന്ദഗതിയിലായി.
മയക്കു മരുന്നു മാഫിയയേയും നോട്ട് പിന്‍വലിക്കല്‍ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ 20 ദിവസത്തിനിടെ ഒരു വന്‍കിട ബിസിനസുകാരനേയും വിളിച്ച് അധോലോകം പണം ആവശ്യപ്പെട്ടെന്ന വാര്‍ത്തയോ പരാതിയോ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. മാത്രമല്ല ആയുധക്കടത്തുമായി ബന്ധപ്പെട്ട ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. മയക്കുമരുന്നു മാഫിയക്കാര്‍ ചരക്ക് വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് നാര്‍കോട്ടിക്ക് കണ്ട്രോള് ബ്യൂറോയും വ്യക്തമാക്കുന്നു.
നോട്ടു അസാധുവാക്കിയതോടെ ഗുണ്ടകളുടെ കാര്യവും കഷ്ടത്തിലായി. അഭിഭാഷകര്‍ പുതിയ നോട്ടുകളില്‍ മാത്രമേ ഫീസ് വാങ്ങുന്നുള്ളൂ. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കാശില്ലാത്തതിനാല്‍ പല കുപ്രസിദ്ധ അധോലോക സംഘാംഗങ്ങള്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ഛോട്ടാരാജന് സംഘത്തിന്റെ അഭിഭാഷകരും പറയുന്നു. കയ്യിലുള്ള കള്ളപ്പണം വന്‍ തുക കമ്മീഷന് നല്കി വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അധോലോകം. എന്നാല്‍ സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ കാരണം ഇത് അനായാസമല്ലാത്തതാണ് അധോലോകത്തെ കുഴക്കുന്നത്.
Discussion about this post