വാരാണസി: നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം ധീരമായ പരീക്ഷണമാണെന്ന് സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ്. കളളപ്പണം കൈവശമുളളവര്‍ക്ക് അതില്‍ അഡ്ജസ്റ്റ്മെന്റുകള്‍ നടത്താനുളള സമയം ലഭിച്ചില്ലെന്നും അദ്ദേഹം വാരാണസിയില്‍ പറഞ്ഞു. രാജ്യത്ത് വന്‍ സമ്പത്ത് അനധികൃതമായി കൂട്ടി വച്ചവര്‍ക്ക് കടുത്ത ശിക്ഷ തന്നെയാണ് പ്രധാനമന്ത്രി നല്‍കിയത്. അതിനി ഭാരതീയ ജനതാപാര്‍ട്ടിയിലെ അംഗമായാലും, മറ്റു വ്യക്തിയായാലും അവര്‍ക്കിനി മുതല്‍ ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സമ്പന്നനും, ദരിദ്രനും തമ്മിലുളള അന്തരം ഈ നീക്കം കാരണം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി മുതല്‍ രാജ്യത്തെ ജനങ്ങള്‍ ആദായനികുതി നല്കി ശീലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഒരു ബി.ജെ.പി വക്താവല്ല. പക്ഷേ സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമാണ്. വിഷയത്തില്‍ എന്റെ പാര്‍ട്ടിയുടെ അഭിപ്രായവും, നിലപാടും എന്തായിരുന്നാലും, എന്റെ വ്യക്തിപരമായ അഭിപ്രായമിതാണ്. അദ്ദേഹം പറഞ്ഞു.
Discussion about this post