റാഞ്ചി: ഇന്ത്യയിലെ ആദ്യ കറന്‍സിരഹിത സംസ്ഥാനമാകാനുള്ള നടപടി ആരംഭിച്ച് ജാര്‍ഖണ്ഡ്. 25നു മുന്‍പ് ആദ്യ കറന്‍സി രഹിത സംസ്ഥാനമെന്ന പദവിയിലെത്താനുള്ള നീക്കങ്ങള്‍ക്കു മുഖ്യമന്ത്രി രഘുബര്‍ദാസ് ഇന്നലെ തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. സംസ്ഥാനം കറന്സിരഹിതമാകുന്നതോടെ അഴിമതിക്ക് അവസാനമാകുമെന്ന്, പദ്ധതിക്കു തുടക്കംകുറിച്ചു കൊണ്ട് മുഖ്യമന്ത്രി രഘുബര്‍ദാസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടുകളെല്ലാം കറന്‍സി രഹിതമാക്കുന്നതിനു പുറമേ ജനങ്ങളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ക്കും തുടക്കമായി. ഇതിന്റെ ഭാഗമായി അയ്യായിരം രൂപ വരെയുള്ള മൊബൈല്‍ ഫോണുകളുടെയും പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളുടെയും വാറ്റ് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പൂര്‍ണമായും ഒഴിവാക്കി. ഇവയ്ക്ക് 5.5% വാറ്റ് ചുമത്തിയിരുന്നു. സംസ്ഥാനത്തെ 24 ജില്ലകളിലെ, 260 ബ്ലോക്കുകളിലെ 3974 ബാങ്ക് ശാഖകള്‍ വഴിയാണു കറന്‍സി രഹിത കര്‍മപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്.
25നു മുന്‍പു സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ഒരു ബ്ലോക്ക് വീതം കറന്‍സി രഹിതമാകും. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി സേവികമാരെയും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും പരിശീലകരായി നിയമിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമിട്ടത്. ഓരോ പരിശീലകനും പരമാവധി അഞ്ചുപേര്‍ക്കു കറന്‍സിരഹിത ഇടപാടുകള്‍ പഠിപ്പിച്ചുകൊടുക്കണം. ട്രെയ്നര്‍മാര്‍ക്കു സര്‍ക്കാര്‍ ഓണറേറിയം നല്‍കും.
ഈ മാസം തന്നെ സംസ്ഥാനത്തെ അഞ്ചു വകുപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും കറന്‍സി രഹിതമാകുമെന്നും അടുത്ത വര്‍ഷത്തോടെ എല്ലാ വകുപ്പുകളും കറന്സിമുക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവിതരണ ശൃംഖല കറന്‍സി രഹിതമാകുന്നതോടെ പ്രതിവര്‍ഷം 700 കോടിരൂപ സര്‍ക്കാരിനു ലാഭിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post