പോര്‍ട്ട്‌ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയെയും തുടര്‍ന്ന് ആന്‍ഡമാനിലെ ഹേവ്‌ലോക്ക് ദ്വീപുകളില്‍ എണ്ണൂറോളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ ഐലന്‍ഡില്‍ നിന്ന് കടത്തുബോട്ടുകളില്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിക്കാനുള്ള നടപടികള്‍ ആന്‍ഡമാന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇവരെ രക്ഷിക്കാനായി നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പ്രദേശത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളെ ദ്വീപില്‍ നിന്നും പുറത്ത് എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അധികൃതര്‍ നാവികസേനയുടെ സഹായം തേടുകയായിരുന്നു. അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ നാവികസേനയുടെ ഐ.എന്‍.എസ് ബിത്ര, ഐ.എന്‍.എസ് ബംഗാരം, ഐ.എന്‍.എസ് കുംബിര്‍ യുദ്ധക്കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്ന ദ്വീപ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണിത്. 48 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post