ഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നിരോധനങ്ങള്‍ ഒരു മാസം പിന്നിട്ടപ്പോള്‍ അസാധുവാക്കിയ നോട്ടുകളുടെ 80 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍. അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ മൂന്ന് ആഴ്ചകള്‍ കൂടി ബാക്കി നില്‍ക്കേ 11.85 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 30 വരെ സമയം ബാക്കി നില്‍ക്കുമ്പോള്‍ 500,100 നോട്ടുകളുടെ 80 ശതമാനം കറന്‍സികളും തിരികെ വന്നെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇതില്‍ ഏകദേശം മൂന്ന് ലക്ഷം കോടിയെങ്കിലും തിരികെ വരാന്‍ സാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഏകദേശം രണ്ടരലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ലെന്ന് എസ്ബിടിയുടെ സാമ്പത്തിക വിഭാഗവും വ്യക്തമാക്കിയിരുന്നു. പദ്ധതി വിജയമായോ എന്നറിയാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെ കറന്‍സി അസാധുവാക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് ആര്‍ബിഐ യും പറയുന്നു. ഇതുവരെ അസാധുവാക്കപ്പെട്ട 12 ലക്ഷം കോടി രൂപ മതിക്കുന്ന നോട്ടുകള്‍ ആര്‍ബിഐയില്‍ തിരികെയെത്തിയതായി ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പറയുന്നു. നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ആവശ്യത്തിന് പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം തിടുക്കപ്പെട്ട് എടുത്തതല്ലെന്നും 19 ബില്യണ്‍ പുതിയ നോട്ടുകളാണ് അസാധു നോട്ടുകള്‍ക്ക് പകരം ജനങ്ങളില്‍ എത്തിച്ചതെന്നും പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് വിതരണം ചെയ്തതിലും കൂടുതലാണ് ഇതെന്നും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞു. അസാധു നോട്ടുകള്‍ക്ക് പകരമുള്ള നോട്ടുകള്‍ എത്തിക്കാന്‍ ആര്‍ബിഐ പ്രിന്റിംഗ് പ്രസുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുകയാണെന്നും പുതിയ 1000 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പൊതുജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചായിരിക്കും തീരുമാനിക്കുക എന്നും പറഞ്ഞിട്ടുണ്ട്.
Discussion about this post