ചെറുതോണി: രാഷ്ട്രപതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വൈദ്യുതമന്ത്രി എം.എം മണി. പ്രധാനമന്ത്രിയുടെ ഭരണപരമായ നയങ്ങള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണ പ്രഖ്യാപിച്ചതിനെതിരെയാണ് മണി രംഗത്തെത്തിയിരിക്കുന്നത്. എംപി മാര്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രപതി മോദി ചെയ്യുന്നതിലെ ശരികേടുകള്‍ ചൂണ്ടിക്കാട്ടാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മണി ചെറുതോണിയില്‍ പറഞ്ഞു. നോട്ടു പിന്മാറ്റത്തെ സാധാരണ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും എം.എം മണി അവകാശപ്പെട്ടു.
വെളളക്കാര്‍ പണ്ട് കക്കൂസില്‍ ഉപയോഗിച്ചിരുന്ന കടലാസു പോലെയാണ് ഇപ്പോഴത്തെ പുതിയ കറന്‍സികളെന്ന് ആക്ഷേപിച്ച മണി, പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയ എം പി മാരുടെ നിലപാടു ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതിയുടെ നടപടി ശരിയായില്ലെന്നും ആരോപിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ന്യായങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്ഥിരമായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെതിരേ ഡിഫന്‍സ് എസ്റ്റേറ്റ്സ് ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ സംസാരിക്കവേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സഭാനടപടികള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ അനാവശ്യമായ ബഹളങ്ങളേത്തുടര്ന്ന് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിലെ 14 ദിവസങ്ങളാണ് നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാനാകാതെ സ്തംഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
പാര്‍ലമെന്റില്‍ ജോലി ചെയ്യാനാണ് ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും, ദൈവത്തെയോര്‍ത്ത് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ എന്നുമായിരുന്നു അന്ന് രാഷ്ട്രപതി രാജ്യസഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഇതിനെതിരേയാണ് എം.എം മണി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post