ഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ ഒരു ശതമാനം അക്കൗണ്ടുകളില്‍ സംശയാസ്പദമായ നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം, രാജ്യത്താകമാനമുളള അക്കൗണ്ടുകളില്‍ ഒരു ശതമാനമെന്നാല് ആകെ 44 ലക്ഷം അക്കൗണ്ടുകള്‍ക്കു മുകളില്‍ സൂക്ഷ്മപരിശോധന നടത്തേണ്ടതായി വരും. ഇത്തരമൊരു സംഭവം ഇതുവരെയുണ്ടായിട്ടില്ലെന്ന് ആദായനികുതി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഈ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനാവശ്യമായ ഭീമമായ അദ്ധ്വാനവും, സംശയാസ്പദമായ അക്കൗണ്ടുകളുടെ എണ്ണം ഇനിയും കൂടാമെന്നുളളതും ആദായനികുതിവകുപ്പിന് തലവേദനയാണ്. അതേസമയം ഇത്തരം സൂക്ഷ്മപരിശോധനകള്‍ സത്യസന്ധമായി നികുതിയടയ്ക്കുന്ന പൗരന്മാര്ക്ക് ചില്ലറ ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാമെന്ന ആശങ്കയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉയര്‍ത്തിക്കാട്ടുന്നു.
അതേസമയം ഇത്രയും അക്കൗണ്ടുകള്‍ സൂക്ഷ്മപരിശോധന നടത്തുന്നതിന് 8,000 ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമുള്ളിടത്ത് ഇതിന്റെ പകുതി ഉദ്യോഗസ്ഥര്‍ മാത്രമാണുളളതെന്നതും ആദായനികുതിവകുപ്പിന്റെ ജോലിഭാരം ഇരട്ടിയാക്കുന്നുണ്ട്. മറ്റുളള ഉദ്യോഗസ്ഥരെ മറ്റു ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. ഭരണം, ഓഡിറ്റ്, ഹെഡ്ക്വാര്‍ട്ടേഴ്സ് & സിസ്റ്റംസ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചുമതലകള്‍ക്കൊപ്പമാണ് ഈ 4000 ഉദ്യോഗസ്ഥര്‍ അക്കൗണ്ടുകളുടെ സൂക്ഷ്മപരിശോധനയും നടത്തുന്നത്.
കറന്‍സി മാറ്റിയെടുക്കാന്‍ കഴിയുന്ന അവസാന തീയതിയായ ഡിസംബര്‍ 30നു ശേഷം അക്കൗണ്ടുകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. അന്‍പതിനായിരം രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തിയിട്ടുളള ജന്‍ധന്‍ അക്കൗണ്ടുകളുടെയും, രണ്ടര ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം നടത്തിയിട്ടുളള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെയും വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേന്ദ്ര ധനകാര്യമന്ത്രാലയം ആദായനികുതിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 12.5 ലക്ഷം രൂപയ്ക്കു മേല്‍ ഇടപാടുകള്‍ നടന്നിട്ടുളള കറന്റ് അക്കൗണ്ടുകളുടെ വിവരവും 2017 ജനുവരി 31നു മുന്‍പായി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കണം.
നിലവില്‍ ഏകദേശം 3,20,000 കേസുകളാണ് ആദായനികുതിവകുപ്പിന് ഒരു വര്‍ഷം സൂക്ഷ്മപരിശോധന നടത്തേണ്ടതായി വരിക. ഒരു ഉദ്യോഗസ്ഥന് ശരാശരി 80 കേസുകള്‍ കൈകാര്യം ചെയ്യേണ്ടതായി വരുമെന്നു കണക്കു കൂട്ടുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ ഓരോ ഉദ്യോഗസ്ഥനും നിലവില്‍ ചെയ്യുന്നതിന്റെ 12.5 ഇരട്ടിയെങ്കിലും ജോലിഭാരം ഉണ്ടാകുന്നതായാണ് കണക്കു കൂട്ടുന്നത്. ആദായനികുതി വകുപ്പ് ഒരിക്കല്‍ നോട്ടീസ് അയച്ചാല്‍, നികുതിദാതാവിന്റെ പ്രതികരണത്തിനായി ഉദ്യോഗസ്ഥര്‍ കാത്തിരിക്കണമെന്നാണ് ചട്ടം. ഇവരുടെ പ്രതികരണം കൂടി പഠനവിധേയമാക്കിയതിനു ശേഷമാണ് തുടര്‍ന്നുളള നടപടി. ഈയവസ്ഥയില്‍ 40 ലക്ഷം പ്രതികരണങ്ങള്‍ കൂടി ഉദ്യോഗസ്ഥര്‍ക്ക് സൂക്ഷ്മപരിശോധന നടത്തേണ്ടി വരുമെന്നു സാരം.
ഇതിനു പുറമേയാണ് സ്വര്‍ണ്ണം, വാഹനം, വസ്തുകൈമാറ്റം തുടങ്ങിയ നിരവധി വിഭാഗങ്ങളിലുളള പരിശോധനകളും ഈ ഉദ്യോഗസ്ഥര്‍ തന്നെ കൈകാര്യം ചെയ്യേണ്ടത്.
എന്തായാലും, അഴിമതിക്കും, കളളപ്പണത്തിനും, കളളനോട്ടിനുമെതിരേയുളള കേന്ദ്രസര്‍ക്കാരിന്റെ നടപടികളോടൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുകയാണ് ആദായനികുതി വകുപ്പും, ഉദ്യോഗസ്ഥരും.
Discussion about this post