കോഴിക്കോട്: പെരുവണ്ണാമുഴി കക്കയം വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന സംശയത്തെതുടര്‍ന്ന് മേഖലയില്‍ പൊലീസും തണ്ടര്‍ ബോള്‍ട്ട് സേനയും പരിശോധന നടത്തുന്നു. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നതായാണ് വിവരം.
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് വനിതാ നേതാവ് പ്രസംഗം നടത്തുന്നതിന്റേയും മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റ് ദിനാചരണത്തില്‍ വെച്ച് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളായിരുന്നു അവ. തമിഴിലാണ് വനിതാ നേതാവ് സംസാരിക്കുന്നത്. ചോരയ്ക്ക് ചോര കൊണ്ട് മറുപടി നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്ന യുവതി ഗറില്ലാ യുദ്ധത്തിന് തയ്യാറായി കഴിഞ്ഞെന്നും പ്രഖ്യാപിക്കുന്നുണ്ട്.
30ഓളം പേരടങ്ങിയ സംഘം ആയുധ പരിശീലനം നടത്തുന്നതായും വീഡിയോയിലുണ്ട്. സര്‍ക്കാരിനെയും ഭരണകൂടത്തെയും വിശ്വസിക്കരുതെന്നും സായുധ വിപ്ലവത്തിന് തയ്യാറാകണമെന്നും കുപ്പൂദേവരാജ് പറയുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആദിവാസി ഊരുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആദിവാസികളുടെ പിന്തുണ നഷ്ടപ്പെടുത്തരുതെന്നും കുപ്പൂദേവരാജ് ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.
വനപാലകരെ തട്ടിക്കൊണ്ടു പോകാന്‍ മാവോയിസ്റ്റ് സംഘം പദ്ധതിയിട്ടിരുന്നതായും സര്‍ക്കാരിനെതിരായ പല പദ്ധതികള്‍ ഇതിനകം ആവിഷ്കരിച്ചതായും വ്യക്തമാക്കുന്ന സംഭാഷണ ശകലങ്ങള്‍ ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്നു.
Discussion about this post