ഡല്‍ഹി: ഇന്ത്യയുടെ യഥാര്‍ഥ രാഷ്ട്രപിതാവ് മുഗള്‍ ചക്രവര്‍ത്തി അക്ബറാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റെന്നു ഇന്നലെ ബ്ലോഗില്‍ വിശേഷിപ്പിച്ച കട്ജു ഇന്നും വിവാദത്തിന് കുറവ് വരുത്തിയില്ല.
മതസഹിഷ്ണുത വളര്‍ത്തിയ അക്ബര്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ യഥാര്‍ഥ രാഷ്ട്രപിതാവെന്ന് ലേഖനത്തില്‍ പറയുന്നു. യൂറോപ്പ് മതത്തിന്റെ പേരില്‍ തമ്മിലടിച്ച് യുദ്ധങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്ന കാലത്താണ് അക്ബര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ എല്ലാ മതങ്ങളുമായും സംവദിക്കുകയും സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ നടപടികളെടുക്കുകയും ചെയ്തത്. ഇന്ത്യയില്‍ മതസഹിഷ്ണുതയുടെ അടിത്തറയിട്ടത് അക്ബറാണെന്ന് കട്ജു പറയുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ ആശയ പ്രചരണം ഇന്ത്യയിലെ മതസഹിഷ്ണുതയുടെ ഈ അടിത്തറ ഇളക്കിയെന്നും കട്ജു പറയുന്നു.
ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റ് എന്ന് വിളിച്ച കട്ജു സുഭാഷ് ചന്ദ്രബാസിനെ ഇന്നത്തെ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത് ജപ്പാനിസ് ചാരന്‍ എന്നാണ്.
സുഭാഷ് ചന്ദ്രബോസ് യഥാര്‍ഥ രാജ്യ സ്‌നേഹിയായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയപ്പോള്‍ കീഴടങ്ങാതെ ബ്രിട്ടനെതിരായ യുദ്ധം തുടരുമായിരുന്നുവെന്ന് കട്ജു വിമര്‍ശിക്കുന്നു.
ഇതിനിടെ ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജുവിനെതിരെ രാജ്യസഭയില്‍ പ്രമേയം പാസാക്കി. ഗാന്ധിജി ബ്രിട്ടീഷ് ചാരനായിരുന്നുവെന്നും ഹൈന്ദവവാദിയായിരുന്നുവെന്നും കട്ജു തന്റെ ബ്ലോഗില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. ഹാമിദ് അന്‍സാരിയാണ് പ്രമേയം പാസാക്കിയത്.
Discussion about this post