രാജ്യത്തെ സമ്പദ്വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താനും പട്ടിണി ഇല്ലാതാക്കാനും മൊബൈല്‍ മണി സര്‍വീസുകള്‍ സഹായകമാവുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍ വഴി പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് മൊബൈല്‍ മണി സര്‍വീസുകള്‍. ഇന്ത്യന്‍ വംശജനായ ഗവേഷകന്റേതാണ് പഠനം. സയന്‍സ് ജേണലില്‍ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കെനിയ പോലെയുള്ള രാജ്യങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പട്ടിണി കുറയ്ക്കാന്‍ മൊബൈല്‍ മണി സര്വീസുകള്ക്കായെന്ന് പഠനം പറയുന്നു. പ്രത്യേകിച്ച് കുടുംബനാഥകളായ സ്ത്രീകള്‍ക്കിടയില്‍ ഇത് കുറേക്കൂടി ഫലപ്രദമായി. കൂടുതല്‍ മികച്ച ജോലി തേടാനും നേടാനും ഇതവര്‍ക്ക് സഹായകരമായി.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ തന്വീത് സൂരിയുടേതാണ് പഠനം. ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ധനായ വില്ല്യം ജാക്കുമായി ചേര്‍ന്നായിരുന്നു ഗവേഷണം. മൊബൈല്‍ മണി സര്‍വീസുകള്‍ 2008 മുതല്‍ ദിനവും പ്രതിശീര്‍ഷം രണ്ടു ശതമാനം കൂടിയതായി പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ ഗൃഹനാഥകള്‍ ആയിട്ടുള്ള അതിദരിദ്രരായ കുടുംബങ്ങളെല്ലാം ഇതുകൊണ്ട് രക്ഷപ്പെടുകയാണ് ഉണ്ടായത്. ഇതിന്റെ പ്രധാന ഉപഭോക്താക്കളും സ്ത്രീകള്‍ തന്നെയാണ്.
2015-ഓടെ 93 രാജ്യങ്ങളിലായി 270 മൊബൈല്‍ മണി സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെല്ലാം കൂടി 411 മില്ല്യന്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. സൗകര്യപ്രദമായ മാര്‍ഗം എന്നതിലുപരി ആളുകളുടെ ജീവിതസാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ മൊബൈല്‍ മണി സര്‍വീസുകള്‍ സഹായിക്കുന്നുണ്ടെന്ന് ഈ കെനിയന്‍ പഠനം പറയുന്നുണ്ട്. ഇത്തരത്തിലുള്ള സര്‍വീസുകള്‍ സ്വന്തം രാജ്യത്ത് തുടങ്ങാനും അവസരങ്ങളുണ്ട്. സൂരി പറയുന്നു. M-PESA ആപ്പിലാണ് കൂടുതലും പഠനങ്ങള്‍ നടത്തിയത്. 2007 ല്‍ അവതരിപ്പിച്ച ഈ ആപ്പിന് ഇന്ന് 2.5 കോടിയിലധികം കെനിയന്‍ ഉപഭോക്താക്കളുണ്ട്.
വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന പഠനത്തില്‍ കെനിയയിലെ 1,600 ഓളം കുടുംബങ്ങള്‍ പഠനവിധേയമാക്കിയിരുന്നു. ഓരോ വീടിന്റെയും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മൊബൈല്‍ മണി സര്‍വീസുകളെക്കുറിച്ചും അവര്‍ പഠിച്ചു. പിന്നീട് ആളുകളുടെ ഉപഭോഗവും തൊഴിലും തമ്മില്‍ താരതമ്യ പഠനം നടത്തി. കൂടുതല്‍ സര്‍വീസുകള്‍ ഉള്ളിടത്ത് കൂടുതല്‍ ഉപയോഗവും അല്ലാത്തിടങ്ങളില്‍ കുറഞ്ഞ ഉപയോഗവും കാണിച്ചു. അഞ്ചു സര്‍വീസുകളില്‍ കൂടുതല്‍ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള കുടുംബങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ ആറു ശതമാനം വര്‍ധന കാണിക്കുകയുണ്ടായി. നാലു ശതമാനം ആളുകളെ ദാരിദ്ര്യരേഖയില്‍ നിന്ന് ഉയര്‍ത്താന്‍ ഇത് ധാരാളമാണെന്ന് പഠനം പറയുന്നു.
വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് പ്രതിദിനം 1.25 ഡോളര്‍ ചെലവഴിക്കുന്നവര്‍ അതിദരിദ്രരും 2 ഡോളര്‍ ചെലവഴിക്കുന്നവര്‍ ദരിദ്രരുമാണ്. മൊബൈല്‍ മണി ഉപയോഗം വ്യാപകമാകുന്നതോടെ ഇന്ത്യയും പുരോഗതിയിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്യാഷ്ലെസ് ഇടപാടുകള്‍ പൂര്‍ണമായും നടപ്പിലാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
Discussion about this post