ഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് ഇന്ന് തുടക്കം. പുതിയ പദ്ധതി പ്രകാരം 50 ശതമാനം നികുതിയും പിഴയും അടച്ച് കള്ളപ്പണം നിയമവിധേയമാക്കാം. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി വഴി കള്ളപ്പണം വെളിപ്പെടുത്താനാകുക. കള്ളപ്പണക്കാരെ പിടികൂടാന്‍ കേന്ദസര്‍ക്കാര്‍ ജനങ്ങളുടെ സഹായവും തേടി. പൊതുജനങ്ങള്‍ക്ക് കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പുതിയ ഇ-മെയില്‍ വിലാസവും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. [email protected] എന്ന വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. പദ്ധതി പ്രകാരം നല്കുന്ന വിവരങ്ങളുടെ പേരില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവരെ നിയമനടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു.
നികുതിയ്ക്ക് പുറമേയുള്ള പണത്തിന്റെ 25 ശതമാനം തുക നാല് വര്‍ഷത്തേക്കുള്ള ഫിക്സഡ് നിക്ഷേപമായിരിക്കും. ഈ പണം നാലു വര്‍ഷത്തിന് ശേഷം മാത്രമേ പിന്‍വലിക്കാനാകൂ. ഇത് പലിശ രഹിത നിക്ഷേപത്തിലാകും നിക്ഷേപിക്കുക. അസാധുവാക്കിയ നോട്ടുകള്‍ ഈ മാസം 31 വരെയാണ് ബാങ്കില്‍ നിക്ഷേപിക്കാനാകുക. എന്നാല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതിന് ഇത് തടസ്സമാകില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി. കള്ളപ്പണക്കാര്‍ക്ക് മാപ്പ് നല്കലല്ല പദ്ധതിയെന്നും കള്ളപ്പണത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള അവസാന അവസരമാണെന്നും ആദിയ പറഞ്ഞു.
നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള മുഴുവന്‍ ബാങ്ക് നിക്ഷേപങ്ങളും വിശദമായി പരിശോധിക്കും. ബാങ്കില്‍ നിക്ഷേപിച്ചാല്‍ പണം നിയമവിധേയമാകുമെന്ന് അര്‍ത്ഥമില്ല. നികുതിയടക്കുന്നത് വരെ നിക്ഷേപങ്ങള്‍ നിയമവിധേയമല്ലെന്നും ഹസ്മുഖ് ആദിയ അഭിപ്രായപ്പെട്ടു.
Discussion about this post