കശ്മീര്‍: കശ്മീരിലെ പാംമ്പോറില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശനിയാഴ്ച മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 87 ആയി. 2008-ന് ശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ക്ക് ജീവന് നഷ്ടമായ വര്‍ഷമാണ് 2016. മുംബൈ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലും കശ്മീര്‍ താഴ്വരയിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് 2008-ല്‍ 90 സൈനികര്‍ കൊല്ലപ്പെടുന്നത്.
2009-ല്‍ 74 സൈനികര്‍ അതിര്‍ത്തിയിലും താഴ്വരയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചു. എന്നാല്‍ 2012-ല്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 17 ആയി കുറഞ്ഞിരുന്നു. 2013-ല്‍ മരണസഖ്യ 61-ആയി ഉയര്‍ന്നെങ്കിലും 2014-ല്‍ അത് 51 ആയി കുറഞ്ഞു. 2015-ല്‍ അത് 41 ആയി പിന്നെയും ചുരുങ്ങി. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ഉറി തീവ്രവാദി ആക്രമണവും, മറുപടിയായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും, ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ മാസങ്ങളോളം നീണ്ടു നിന്ന കലാപവും തീവ്രവാദി ആക്രമണങ്ങളും ചേര്‍ന്ന് സംഘര്‍ഷഭരിതമായ വര്‍ഷമാണ് കശ്മീരിനിത്.
തുടര്‍ച്ചയായ ഈ സംഘര്‍ഷങ്ങള്‍ കാരണമാണ് കൊല്ലപ്പെടുന്ന ജവാന്മാരുടെ എണ്ണവും കുത്തനെ വര്‍ധിച്ചത്. കശ്മീര്‍ താഴ്വരയിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളില്‍ 71 ജവാന്മാര് കൊല്ലപ്പെട്ടു. ഇതില്‍ ഉറി ഭീകരാക്രമണത്തില്‍ മാത്രം 19 ജവാന്മാര് വീരമൃത്യുവരിച്ചു. ഫെബ്രുവരി സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച ഭീകരര്‍ സര്‍ക്കാര്‍ കെട്ടിട്ടത്തില്‍ കയറിപ്പറ്റിയ ശേഷം മൂന്ന് ദിവസത്തോളം സുരക്ഷാ സേനകളുമായി ഏറ്റുമുട്ടി. ക്യാപ്റ്റന്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിട്ടം പാടെ തകര്‍ന്നു പോവുകയും ചെയ്തു. ജൂണില്‍ സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ച ബസിന് നേരെ ലഷ്കര്‍ ഇ തോയ്ബ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലും എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post