അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്തോടിയ എംഎല്‍എ നിയമസഭയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മനാണ് നടപടി ക്രമങ്ങള്‍ തടയുന്നതിനായി സ്പീക്കറുടെ അധികാര ചിഹ്നമായ വെള്ളനിറത്തിലുള്ള ദണ്ഡുമെടുത്ത് ഓടിയത്. സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീ പീഡന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് ത്രിണമൂല്‍ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം.
സ്പീക്കറുടെ കയ്യില്‍ നിന്ന് ദണ്ഡ് തട്ടിയെടുത്ത ബര്മന് പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാര്‍ ഓടി. അവരെയെല്ലാം വെട്ടിച്ച് നിയമസഭയ്ക്ക് പുറത്തേക്ക് അദ്ദേഹം ഓടിരക്ഷപ്പെട്ടു. പിന്നീട് അരമണിക്കൂറിന് ശേഷം ദണ്ഡുമായി ജീവനക്കാര്‍ മടങ്ങിയെത്തുകയായിരുന്നു.
നിയമ സഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായും നിയമസഭയുടെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതുമായ പ്രവര്‍ത്തിയാണ് ബര്മന് കാണിച്ചതെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ത്രിപുര നിയമസഭയില്‍ ഇതിനു മുന്‍പ് മൂന്നു തവണ സമാന സംഭവം അരങ്ങേറിയിട്ടുണ്ട്.
Discussion about this post