ബെയ്ജിങ് : തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ചൈനീസ് മാധ്യമത്തിന്റെ മുന്നറിയിപ്പ്. ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍ യുഎസ് പോലും രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പിന്നെ, ഇന്ത്യ എന്തുകണ്ടിട്ടാണ് ഇത്തരത്തില്‍ ആത്മവിശ്വാസത്തോടെ പെരുമാറുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നത്.ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ ആണ് ചൈന ഇന്ത്യക്കെതിരെ രുക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.
തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം അടുത്ത മാര്‍ച്ചിലാണ് നിശ്ചയിച്ചിരിക്കുന്നത്. അരുണാചല്‍ തെക്കന്‍ തിബറ്റിന്റെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. അരുണാചല്‍ സംബന്ധിച്ച ചൈനയുടെ നിലപാടു വ്യക്തമാണെന്നിരിക്കേ, രാജ്യത്തു വിഭാഗീയ സന്ദേശങ്ങള്‍ നല്‍കുന്ന നേതാവിനെ ഇന്ത്യ ക്ഷണിച്ചുവരുത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ഗുണംചെയ്യില്ലെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ വഷളായ കുട്ടിയുടേതുപോലുള്ള സ്വഭാവം മാറ്റണം. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘വണ്‍ ചൈന’ പദ്ധതിയുമായി ബന്ധപ്പെട്ട് വിഷയം എങ്ങനെയാണ് ചൈന കൈകാര്യം ചെയ്തതെന്ന് ഇന്ത്യ കണ്ടു പഠിക്കണമെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.
Discussion about this post