തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണമെന്ന് വിഎസ് അച്യൂതാനന്ദന്‍. ഇത് സംബന്ധിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ക്രിസ്മസ് തലേന്നാണ് എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. അഞ്ചേരി ബേബി കൊലക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു മണിയുടെ ഹര്‍ജി തള്ളിയത്. കോണ്‍ഗ്രസിന് പുറമേ ബിജെപിയും എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.ബന്ധു നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജന്‍ പുറത്തു പോയതിന് പിന്നാലെയാണ് എംഎം മണി മന്ത്രിസഭയിലേക്ക് കടന്നുവന്നത്.
ഇടുക്കിയിലെ പാര്‍ട്ടി നേതൃത്വവും കേസില്‍ കുടുങ്ങിയത് സിപിഐഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനെ പ്രതിചേര്‍ക്കാനുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. എന്നാല്‍ എംഎം മണി ഇപ്പോള്‍ രാജിവയ്‌ക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അതിനിടയിലാണ് വിഎസിന്റെ കത്ത് പുറത്തുവരുന്നത്.
Discussion about this post