തിരുവനന്തപുരം: കെ മുരളീധരന് എംഎല്‍എക്കെതിരെ പറഞ്ഞത് പിന്‍വലിക്കാനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. പാര്‍ട്ടിക്കെതിരെ പറഞ്ഞവരെ മുമ്പും എതിരിട്ടിട്ടുണ്ട്. കെപിസിസി വക്താവായല്ല താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് രാജ്മോഹന്‍ മാധ്യമങ്ങളെ കണ്ടത്. വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്ന് മുരളീധരന് പറഞ്ഞതിന് മറുപടിയായാണ് രാജ്മോഹന്റെ പ്രതികരണം.
”മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ചു, എന്നാല്‍ സഭ്യതവിട്ടു സംസാരിച്ചിട്ടില്ല. മുരളീധരനെതിരെ പറഞ്ഞതില്‍നിന്ന് അണുവിട താന്‍ പിന്നോട്ടുപോകില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നു വിളിച്ചിട്ട് പോയി കാലുപിടിച്ചയാളാണ് അദ്ദേഹം. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നു വിളിച്ചയാളാണ് മുരളീധരന്. തന്‍കാര്യത്തിനായി അദ്ദേഹം ആരുടെയും കാലുപിടിക്കും. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. തിങ്കളാഴ്ച താന്‍ പറഞ്ഞ പ്രസ്താവന മുഴുവനായും ടിവി ചാനലുകളുടെ കൈവശമുണ്ട്. മുരളീധരന് യുഡിഎഫിനെ അപമാനിച്ചതിനാലാണ് താന്‍ പ്രതികരിച്ചത്.
തനിക്കെതിരെ പറയുന്ന മുരളീധരന് കഴുതയ്ക്ക് കാമം വന്നാല്‍ കരഞ്ഞെങ്കിലും തീര്‍ക്കട്ടെ എന്ന അവസ്ഥയിലാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് . കെ കരുണാകരന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കോണ്‍ഗ്രസിന്റെ വിമത സംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷാര്‍ജയില്‍ പോയ ആളാണ് മുരളീധരന് എന്നും രാജ്മോഹന്‍ ഉണ്ണിത്താന് . മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് മുരളീധരന് ദുബായിലെ പരിപാടിയില്‍ പങ്കെടുത്തത്. അതിന്റെ തെളിവ് ലഭിച്ചപ്പോഴാണ് താന്‍ പ്രതികരിക്കാന്‍ തയാറായത്.
രാജ്മോഹന്‍ ഉണ്ണിത്താനെക്കുറിച്ചു കേരളത്തിലെ കോണ്‍ഗ്രസിന് അപമാനമില്ല. കോണ്‍ഗ്രസിന്റെ വക്താവിന്റെ പദവിയില്‍ ഇരുന്ന് സത്യസന്ധമായി പ്രവര്‍ത്തിച്ചു. സോളര്‍ കേസില്‍ എന്നും രാത്രിയില്‍ ചാനലുകളില്‍ പോയിരുന്നു പാര്‍ട്ടിയെ പ്രതിരോധിച്ചു. കേസില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിയവരുടെ കൂടെ താനില്ലായിരുന്നു. കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ മറ്റാരും ചാനലുകളില്പ്പോയില്ല. താനാണ് കോണ്‍ഗ്രസിനെ രക്ഷിച്ചത്. അന്നുതന്നെ ദൈവദൂതനെപ്പോലെ അവര്‍ കണ്ടു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മാനവും മര്യാദയുമായി നടക്കാന്‍ അവസരമൊക്കുകയായിരുന്നു താന്‍ ചെയ്തത്. കോണ്‍ഗ്രസ് വക്താവായി നടന്ന് കോണ്‍ഗ്രസിനെ രക്ഷിക്കുകയാണ് താന്‍ ചെയ്തത്.
തന്റെ ജീവിതം തുറന്ന പുസ്തകമാണ്. 48 വര്‍ഷത്തിനിടയ്ക്ക് ഏതെങ്കിലും കോണ്ഗ്രസുകാരന് തന്നെക്കുറിച്ച് എന്തെങ്കിലും മോശം പറഞ്ഞാല്‍ അന്നു പൊതു ജീവിതം അവസാനിപ്പിക്കാം. കെ.കരുണാകരന്റെ ശ്രാദ്ധത്തിന് കാര്‍മികത്വം വഹിക്കേണ്ടത് മകനാണ്. അത് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. പാര്‍ട്ടിക്കെതിരെ പറഞ്ഞവരെ താന്‍ മുന്‍പും എതിര്‍ത്തിട്ടുണ്ട്. പാര്‍ട്ടി തന്നോട് അനീതി കാണിച്ചെന്ന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്ക്കും അഭിപ്രായമുണ്ട്. എന്നിട്ടും താന്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു”– രാജ്മോഹന്‍ പറഞ്ഞു.
Discussion about this post