തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് കെ.പി.സി.സി വക്താവ് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചിലര്‍ അനുവദിക്കുന്നില്ലെന്ന് ഉണ്ണിത്താന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനുമായി വാക്ക്പോര് തുടരുന്നതിനിടെയാണ് ഉണ്ണിത്താന്റെ നാടകീയ രാജി പ്രഖ്യാപനം. ഇരുവരും പ്രസ്താവനകളിലൂടെ ഇന്നും ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെ.സി ജോസഫ് കെ.പി.സി.സി അധ്യക്ഷന്‍ കത്ത് നല്‍കുകയും ചെയ്തു.
ഇടതുപക്ഷ സര്‍ക്കാറിന്റെ വീഴ്ച തുറന്നു കാട്ടുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവും പരാജയപ്പെട്ടെന്നും കേരളത്തില്‍ പ്രതിപക്ഷമില്ലെന്നും വിമര്‍ശിച്ച് ചൊവ്വാഴ്ച മുരളീധരന് രംഗത്തുവന്നിരുന്നു. ഇതിന് മറുപടി പറയവെയാണ് കോണ്‍ഗ്രസിനെ പൊതുജന മധ്യത്തില്‍ മുരളീധരന് അവഹേളിക്കുന്നുവെന്നും പാല് കൊടുത്ത കൈയ്യില്‍ കൊത്തുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഉണ്ണിത്താന് ആരോപിച്ചു.
ഉണ്ണിത്താന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞ മുരളീധരന്, ആരും കുരയ്ക്കേണ്ടെന്നും വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്നും തിരിച്ചടിച്ചു. തുടര്‍ന്ന് കൊല്ലത്തെ വീട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന് യു.ഡി.എഫിനെ അപമാനിച്ചതിനാലാണ് പ്രതികരിച്ചതെന്ന് ഉണ്ണിത്താന് പറഞ്ഞു.
ഇതിന് പിന്നാലെ ഉണ്ണിത്താന്റെ പരാമര്‍ശങ്ങളെ പരമപുച്ഛത്തോടെ തളളിക്കളയുന്നുവെന്ന മറുപടിയുമായി മുരളീധരന് രംഗത്തു വന്നു. താന്‍ പറഞ്ഞത് രാഷ്ട്രീയമാണ്. അതിനെ തറ വര്‍ത്തമാനം കൊണ്ടല്ല നേരിടേണ്ടത്. തന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതാവും ഉള്‍ക്കൊണ്ടിട്ടുണ്ട്. ഉണ്ണിത്താന്റെ വിവരമില്ലായ്മക്ക് മറുപടിയില്ലെന്നും മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post