തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ. ഈ വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കി. ഭരണപക്ഷം മേയർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മേയർ ആര്യ രാജേന്ദ്രന്റെ നടപടി മാതൃകാപരമാണ് എന്നാണ് ഡെപ്യൂട്ടി മേയർ പി കെ രാജു അഭിപ്രായപ്പെട്ടത്. ബസിൽ നിന്ന് മേയറും ഭർത്താവും ചേർന്ന് യാത്രക്കാരെ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി. യാത്രക്കാരെ ബസ്സിൽ നിന്നും ഇറക്കിവിട്ടതിന് തെളിവുണ്ടോ എന്നാണ് മേയർ ഇതിനു മറുപടിയായി ചോദിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയർ നടത്തിയത് എന്ന് ബിജെപി കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ഭരണപക്ഷവുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
ബിജെപി കൗൺസിലർ അനിൽ ആണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. നഗരസഭയ്ക്ക് മുഴുവൻ അപമാനം ഉണ്ടാകുന്ന സാഹചര്യം ആണ് മേയർ ആര്യ രാജേന്ദ്രന്റെ ഇടപെടൽ മൂലം ഉണ്ടായത്. ആര്യ രാജേന്ദ്രൻ മേയർ പദവി ദുരുപയോഗം ചെയ്യുകയാണ്. കോർപ്പറേഷന് കളങ്കം ഉണ്ടാക്കിയ മേയർ മാപ്പ് പറയണം എന്നും ബിജെപി കൗൺസിലർ അനിൽ വ്യക്തമാക്കി.
Discussion about this post