പത്തനംതിട്ട: പരാതി നല്‍കിയ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ യുവതിയെ സിഐ കിടപ്പറയിലേക്കു ക്ഷണിച്ചതായി റിപ്പോര്‍ട്ട്. വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് എസ്‌ഐയുടെ ശല്യം സഹിക്കവയ്യാതെ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും സംസ്ഥാന പൊലീസ് മേധാവിക്കു പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കോട്ടയം ജില്ലയിലെ സിഐക്കെതിരേയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
എരുമേലി സ്വദേശിയായ യുവതിയെയാണ് സിഐ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വിദേശത്തായിരുന്ന ഭര്‍ത്താവ് അയച്ച പണം യുവതി ധൂര്‍ത്തടിച്ചെന്നായിരുന്നു പരാതി. ഇതു ചര്‍ച്ച ചെയ്യാനാണ് യുവതി സ്റ്റേഷനിലെത്തിയത്. പണം ആര്‍ക്കാണു നല്‍കിയതെന്നു യുവതി വെളിപ്പെടുത്തണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെയും ഭര്‍ത്താവിനെയും പണം വാങ്ങിയെന്നു സംശയിക്കുന്ന യുവാവിനെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. മൂന്നു പേരെയും പ്രത്യേകം പ്രത്യേകമാണു ചോദ്യം ചെയ്തത്. വിളിച്ചുവരുത്തിയ യുവാവിനല്ല പണം നല്‍കിയതെന്നായിരുന്നു യുവതിയുടെ നിലപാട്. ഇതിനിടയില്‍ യുവതിയെ സി.ഐ കിടപ്പറയിലേക്ക് ക്ഷണിക്കുകയായിരുന്നു. റാന്നിയില്‍ തനിക്ക് ഫഌറ്റുണ്ടെന്നും സഹകരിച്ചാല്‍ ഭര്‍ത്താവിനെ ഒതുക്കാമെന്നുമായിരുന്നു സിഐയുടെ വാഗ്ദാനമത്രേ.
എന്നാല്‍, വഴങ്ങാതിരുന്ന യുവതി ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍നിന്നു മടങ്ങി. യുവതിയെ പലവട്ടം ഫോണില്‍ വിളിച്ച സിഐ ഫ്‌ലാറ്റിലേക്കു വരാന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഭര്‍ത്താവിന്റെ ചോദ്യം ചെയ്യലില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പിക്ക് കീഴുദ്യോഗസ്ഥന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് വെളിച്ചം കണ്ടില്ല. ഇതിന് ശേഷം മറ്റൊരു ഉദ്യോഗസ്ഥന്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഡി.ജി.പിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥനെതിരേ മുന്‍പും സ്ത്രീ വിഷയത്തില്‍ നടപടിയുണ്ടായിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വീട്ടമ്മയുടെ ഫോണിലെ സ്ത്രീകളുടെ നമ്പരുകളിലേക്കു വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവായിരുന്നു. ഇതില്‍ ഒരു യുവതിയുടെ ഭര്‍ത്താവ് വിവരം അറിയുകയും സി.ഐയെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post