പാലക്കാട്: തിരുവില്വാമല പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോളജ് വളപ്പിനുള്ളില്‍ കടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് തല്ലിത്തകര്‍ത്തു. പൊലീസ് വലയം ഭേദിച്ച് ഉള്ളില്‍ കടന്ന പ്രവര്‍ത്തകരാണ് കോളജ് അടിച്ചു തകര്‍ത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കന്റീനുമടക്കം തല്ലിത്തകര്‍ത്തു.
കോളജികത്തു കടന്ന ഒരു വിദ്യാര്‍ഥിയെ അകത്തിട്ടു മര്‍ദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ അകത്തേയ്ക്ക് കടന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ അയച്ചിട്ടുണ്ട്. കെഎസ്‌യു, എംഎസ്എഫ് മാര്‍ച്ചിനു പിന്നാലെയാണ് എസ്എഫ്‌ഐക്കാര്‍ കോളജിലേക്കെത്തിയത്.
കോളേജില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കോളേജ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. പോലീസ് ലാത്തി വിശി. കോളേജ് മതില്‍ക്കെട്ടിനുള്ളില്‍ കടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനു നേരെ കല്ലേറു നടത്തി. കോളേജ് ഓഫീസ് കെട്ടിടവും എല്ലാ ക്ലാസ് മുറികളും പൂച്ചട്ടികളും അടിച്ചു തകര്‍ത്തു.
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരുന്ന കോളേജിലേയ്ക്ക് ആദ്യം എബിവിപി പ്രവര്‍ത്തകരും പിന്നീട് കെഎസ്.യുവും തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രകടനമായെത്തി. ശക്തമായ പോലീസ് സന്നാഹവും കോളേജിനു മുന്നിലുണ്ടായിരുന്നു. എബിവിപി മാര്‍ച്ച് സമാധാനപരമായി അവസാനിച്ചെങ്കിലും കെഎസ്.യു, എസ്എഫ്‌ഐ പ്രകടനങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിഷ്ണു. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതായും ഇതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.
അതേസമയം മാനേജുമെന്റിന്റെ പീഡനത്തെത്തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു. പ്രദേശത്തു വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോളജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആരോപണം. കോളജ് അധികൃതരുടെ പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു. കോപ്പിയടി കണ്ടെത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കോളജിന്റെ വിശദീകരണം.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സംബന്ധിച്ച് സാങ്കേതിക സര്‍വ്വകാലശാല രജിസ്ട്രാര്‍ നെഹ്‌റു കോളേജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോപ്പിയടി സംബന്ധിച്ച് കോളേജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
Discussion about this post